ഷാർജ:കൊറോണ എന്ന മഹാമാരിവിതച്ച ഭീകര ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോക രാജ്യങ്ങൾ എല്ലാം തന്നെ സമാധാനവും സന്തോഷവും ശാന്തിയും കൊതിക്കുന്ന ഈ കാലത്ത് അതിജീവനത്തിൻ്റെ പാതയിൽ മുൻപന്തിയിലെത്തി എല്ലാ ലോകരാജ്യങ്ങളുടേയും ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുകയാണ് യു എ ഇ എന്ന കൊച്ചു രാജ്യം
നൂറു ശതമാനത്തോടടുത്തു കൊണ്ടിരിക്കുന്ന വാക്സിനേഷൻ പ്രവർത്തനങ്ങളുടെ പുരോഗതി രാജ്യത്തെ ജീവിത നിലവാരത്തെ സാധാരണ രീതിയിലേക്ക് മാറ്റിയിരിക്കുന്നു. അടഞ്ഞു കിടക്കപ്പെട്ടിരുന്ന രാജ്യാതിർത്തികൾ എല്ലാം തന്നെ ഭാഗിഗമായി തുറന്നപ്പോഴും എല്ലാ പഴുതുകളും അടച്ചു കൊണ്ട് യു എ ഇ ഒരുക്കിയ കൊറോണ പ്രതിരോധങ്ങൾ കാരണം മറ്റു രാജ്യങ്ങളിൽ നിന്ന് യു എ ഇ ലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം വളരെ എളുപ്പത്തിലാക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് സാധിച്ചു.
ലോകത്തിൻ്റെ ഏടുകളിൽ അടയാളപ്പെടുത്താൻ പോകുന്ന ദുബായ് എക്സ്പോ 2020 വൈവിദ്യങ്ങളുടെ, ആധുനികതയുടെ, ആഘോഷത്തിൻ്റെ മറ്റൊരു ലോക വിസ്മയമാണ് തീർത്തു കൊണ്ടിരിക്കുന്നത്. ഇന്ന് യു എ ഇയിൽ ഉടനീളം ആഘോഷത്തിൻ്റെ ആസ്വാദനത്തിൻ്റെ നിലയ്ക്കാത്ത രാപ്പകലുകളാണ്. വർണ്ണ വിസ്മയങ്ങൾ കൊണ്ടും, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കൊണ്ടും, അതിലുപരി അക്ഷരങ്ങളിലൂടെ വായനയിലൂടെ ലോകത്തിൻ്റെ കരങ്ങളെ ചേർത്തു പിടിച്ചു കൊണ്ട് സമാധാനത്തിൻ്റെ സാഹോദര്യത്തിൻ്റെ വ്യത്യസ്തമായ ഒരു ലോകം തന്നെ തീർക്കാൻ ഇവിടുത്തെ ഭരണാധിപൻമാർ എടുക്കുന്ന തീരുമാനങ്ങൾ എത്ര പ്രശംസിച്ചാലും മതിയാവാത്തതാണ്.
വ്യത്യസ്തതകൾ കൊണ്ട് ആസ്വാദകരെ വരവേൽക്കുന്നതിൽ ദുബായ് എപ്പോഴും ഒന്നാമതാണ്. എന്നാൽ ഇതിൽനിന്നൊട്ടും വിഭിന്നമല്ലാതെ മുന്നോട്ട് പോയിക്കൊണ്ടി രിക്കുകയാണ് ഷാർജയും. ഷാർജയുടെ കൈവഴികളിൽ അറിവിൻ്റെ ആയുധമേന്തി അജ്ഞതയുടെ മുഖാവരണം പിച്ചിച്ചീന്തി സമത്വത്തിൻ്റെ സാഹോദര്യത്തിൻ്റെ പൂങ്കാവനം വിരിയിക്കാൻ ഷാർജ സുൽത്താ ഡോ : ഹിസ്സ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പോരാട്ടം അനുഗ്രഹീതമാണ്.
ഇവിടെ നമ്മൾ നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ മുപ്പത്തി ഒൻപത് വർഷക്കാലത്തെ അക്ഷര പോരാട്ടം ഷാർജ എന്ന എമിറേറ്റ്സിനെ എത്രത്തോളം വളർത്തിയിരിക്കുന്നു എന്നും, അതിലൂടെ ഡോ: ഹിസ്സ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നാമം ലോകത്തിൻ്റെ നിറുകയിൽ എങ്ങിനെ എഴുതപ്പെടുന്നു എന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.
കൊറോണയുടെ തീവ്രത കൊടികുത്തി വാണ കഴിഞ്ഞ വർഷം (2020) പോലും എല്ലാ വിധ കോവിഡ് പ്രതിരോധ മാനദണ്ഢങ്ങളും അതിൻ്റേതായ പരിപൂർണ്ണതയിൽ നടപ്പാക്കി സാമാന്യം മോശമല്ലാത്ത ജനക്കൂട്ടത്തെ വരവേൽക്കാൻ ഷാർജ പുസ്തകോത്സവത്തിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കെട്ടിപ്പടുത്ത യു എ ഇ എന്ന സാമ്രാജ്യം അതിശയങ്ങളുടെ അനന്ത സാധ്യതകൾക്ക് വഴിയൊരുക്കിക്കൊണ്ട് വികസനത്തിൻ്റെ പാതയിൽ ഒരു പടയോട്ടം തന്നെ നടത്തി ഇന്ന് തലമുറകളുടെ കൈകളിലൂടെ വളരെ വേഗം മുന്നേറുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി ആഘോഷപ്പെരുമഴകൾ തീർത്തു കൊണ്ട് ആസ്വാദനത്തിൻ്റെ പുത്തൻ ലഹരികൾ നുണയാൻ സഞ്ചാരികളെ മാടി വിളിക്കുന്ന യു എ ഇ യെയാണ് നമ്മൾ അനുദിനം അറിഞ്ഞു കൊണ്ടിരിക്കുന്നത്. നാടുനീങ്ങിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന ഭികരനെ കൂടുതൽ കൂടുതൽ പ്രതിരോധിച്ചു കൊണ്ട് അക്ഷരങ്ങളെ സ്നേഹിക്കാനെത്തുന്ന, വായനയിലൂടെ വളരുവാനെത്തുന്ന ജനലക്ഷങ്ങളെയാണ് നമ്മൾ പുസ്തകോത്സവത്തിൽ കാണാൻ കഴിയുന്നത്. ഷാർജ ഫെഡറൽ അതോറിറ്റിയുടെ പുസ്തശേഖരണങ്ങളിൽ രാജ പരമ്പരകളുടെ കൗതുകമുണർത്തുന്ന നിരവധി ഗ്രന്ഥങ്ങൾ നമുക്ക് കാണാൻ കഴിയുന്നു. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ പവലിയനിൽ യു എ ഇ പൗരൻമാർ തന്നെ നമ്മളെ സ്വീകരിക്കുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു.
അതുപോലെ ഷാർജ പോലീസ് സേനയുടെ രൂപീകരണവും വളർച്ചയുടെ പടവുകളും, നിയമാവലികളും അടക്കം സേനയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ പ്രതിപാദിക്കുന്നതും, സേനയിലെ പ്രഗത്ഭരായ എഴുത്തുകാരുടെ സൃഷ്ടികളുമടക്കം വലിയൊരു പുസ്തക സ്റ്റാളുതന്നെ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. USA, UK, ITALY, SPAIN, തുടങ്ങി അറേബ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, ലബനൻ മുതലായ എൺപത്തിമൂന്നിലധികം രാജ്യങ്ങളുടെ വളരെ വിശാലമായ പുസ്തക സ്റ്റാളുകളും, ഇവിടങ്ങളിലെ നൂറുകണക്കിന് പ്രസാധകരുടെ പുസ്തകങ്ങളും, എഴുത്തുകാരും ഒക്കെത്തന്നെ പുസ്തകമേളയെ വേറിട്ട കാഴ്ച്ചകളാക്കുന്നു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേ ളയിലെ ഏറ്റവും തിരക്കേറിയ പവലിയൻ എല്ലാവർഷത്തേയും പോലെ ഇന്ത്യയുടേതാണെന്നതും, അതിൽ കൂടുതലും കേരളത്തിലെ പ്രസാധകരുടേയും മറ്റു സംഘടനകളുടേതും ആണെന്നതും ഈ വർഷവും അഭിമാനിക്കാവുന്നതാണ്. വെറും ഇരുപത്തി അഞ്ചു മിനിറ്റ് നീണ്ടു നിൽക്കുന്നതാണ് ഒരു പുസ്തക പ്രകാശനച്ചടങ്ങ്. അങ്ങിനെയുള്ള നിരവധി നിരവധി പുസ്തക പ്രകാശനങ്ങളാണ് ഓരോ ദിവസവും ഈ പവലിയനിൽ നടക്കുന്നത്. നവാഗത എഴുത്തുകാരും, പ്രഗത്ഭരായ എഴുത്തുകാരും, രാഷ്ട്രീയക്കാരും, സിനിമാക്കാരും അടക്കം എഴുത്തുകാരുടെ ഒരു നീണ്ട നിരതന്നെ ഇവിടെ തങ്ങളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യാൻ എത്തുന്നു എന്നത് വളരെ വലിയ പ്രത്യേകതയായി കാണേണ്ടതാണ്.
ഇതിലൊക്കെ ഉപരി കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും കൗതുകമുണർത്തുന്നു. കുട്ടികൾക്ക് അക്ഷര പരിചയം നടത്തുവാൻ, വായനയുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തുവാൻ, എഴുത്തിൻ്റെ ലോകത്തേക്ക് പിച്ചവെപ്പിക്കുവാൻ മോട്ടിവേഷൻ ക്ലാസ്സുകളിൽ പ്രഗത്ഭരായിട്ടുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി പല തരത്തിലുള്ള പരിപാടികളാണ് പുസ്തക അതോറിറ്റി ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ലോകത്തിൻ്റെ പലഭാഗങ്ങളിലുള്ള വ്യത്യസ്തങ്ങളായ കലാപരിപാടികളും ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്.
അക്ഷരങ്ങളെ സ്നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന, അറിവിൻ്റെ അതിരുകളില്ലാത്ത വ്യത്യസ്ഥ തലങ്ങൾ തേടിയലയുന്ന വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായതും, സ്നേഹം കൊണ്ട് നമ്മളെ തളച്ച് സൗഹൃദം കൊണ്ട് നമ്മളെ എന്നും ചേർത്തു നിർത്തുന്ന യു എ ഇ യുടെ മണ്ണിൽ പ്രത്യേകിച്ച് ഷാർജയുടെ കൈകളിൽ ഞങ്ങൾ സുരക്ഷിതരാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് വളരെ വിജയപ്രദമായി നടന്നു വരുന്നതുമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ അഭിമാനമായ ഷാർജ ഭരണാധികാരി ഡോ: ഹിസ്സ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്ന മഹാരാജാവിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ട് പുസ്തകോത്സവ നഗരിയിൽ നിന്ന്
റിപ്പോർട്ടർ,
രവി കൊമ്മേരി.