കൊച്ചി: കോവിഡ് സാഹചര്യത്തെ തുടർന്ന് നാട്ടിലേക്ക് തിരികെവന്ന മലയാളികളുടെ ഗൾഫിലേക്കുള്ള മടക്കം വർധിച്ചു. കോവിഡിനെ തുടർന്ന് മടങ്ങിയെത്താൻ ഒക്ടോബർ 29വരെ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 17,53,897 പേരാണ്. ഇതിൽ 1,26,883 പേരാണ് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവന്നവരായി രേഖപ്പെടുത്തിയിട്ടുള്ളത്.പല രാജ്യങ്ങളിലേക്കും വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ പുതിയ വിസകണ്ടെത്തിയാണ് പലരും മടങ്ങുന്നത്. ഷാർജ 63, മസ്കത്ത് 10, കുവൈത്ത് 10, ദുബൈ 39, അബൂദബി 26, ബഹ്റൈൻ അഞ്ച്, ദമ്മാം ഒന്ന്, ദോഹ 23 എന്നിങ്ങനെയാണ് കൊച്ചിയിൽനിന്ന് ഇപ്പോൾ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്ചയിൽ സർവിസുകളുള്ളത്.നിരക്ക് വളരെ കൂടുതലാണെങ്കിലും മിക്ക സർവിസിലും നിറയെ യാത്രക്കാരുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവന്നവർക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക വിവിധ പദ്ധതികൾ ആരംഭിെച്ചങ്കിലും അധിക പേരും മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവരാണ്. ഷാർജയിലേക്കാണ് കൂടുതൽ പേരും തൊഴിൽ വിസയിൽ ഇപ്പോൾ കൂടുതലായി പോകുന്നത്.ദുബൈ ഭരണകൂടം കുറഞ്ഞനിരക്കിൽ തൊഴിൽ സംരംഭകത്വം സാധ്യമാക്കുന്ന വിസ പ്രഖ്യാപിച്ചതും ഒട്ടേറെ മലയാളികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഗൾഫിലേക്ക് തൊഴിൽ തേടിപ്പോകുന്നവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി സംബന്ധിച്ച് എമിഗ്രേഷൻ വിഭാഗത്തിൽനിന്ന് തന്നെ പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ പുതിയ വിസകൾ അനുവദിക്കുന്നത് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയവർക്കും, ആദ്യമായി ഗൾഫിൽ പോകാൻ തയ്യാറായിരിക്കുന്നവരുമായ ധാരാളം മലയാളികൾക്ക് പ്രയോജനപ്രദമാണ്