ഷാർജ:നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസമായ ഇന്നും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ പവലിയനിൽ ഹാൾ നമ്പർ 7 ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച എം പി സേതുമാധവൻ്റെ ” ലോഞ്ച് ” എന്ന പുസ്തകം ഷാർജ ബുക്ക് ഫെസ്റ്റിവൽ അതോറിറ്റി ചെയ്മാൻ HE. അഹമ്മദ് ബിൻ റക്കാഡ് അൽ അമേറി ഹിറ്റ് FM 96 റേഡിയോ ജോക്കി സാബു കിളിത്തൊട്ടിലിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.അൻപത് വർഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന എം പി സേതുമാധവൻ എന്ന വ്യക്തി തൻ്റെ ജീവിതത്തിൻ്റെ പച്ചയായ അനുഭവകഥകളാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഗൾഫ് എന്ന സ്വപ്ന യാഥാർത്ഥ്യം തേടി മരുപ്പച്ചകളിലെ മണൽക്കാറ്റിനോട് മല്ലടിക്കാൻ ലോഞ്ച് കയറി യു എ ഇ ലെത്തിയ പച്ചയായ മനുഷ്യൻ. നാടോടിക്കാറ്റ് എന്ന സിനിമയിൽ പറഞ്ഞതുപോലെ ഏതോ ഒരു ഗഫൂർക്ക ദോസ്തിനോടൊത്ത് കടലുകടന്ന് ജീവിത യാഥാർത്ഥ്യം തിരഞ്ഞ മനുഷ്യൻ. തളർച്ചയും വളർച്ചയും ജീവിത ലക്ഷ്യങ്ങളിൽ അനുഭവ സമ്പത്തിൻ്റെ പുത്തൻ പാഠങ്ങളാണെന്ന് തിരിച്ചറിഞ്ഞ് മുന്നേറിയ പ്രവാസം. ഇന്ന് നമ്മുടെ മുന്നിൽ ഒളിച്ചുവയ്ക്കലുകൾ ഇല്ലാത്ത വെളിപ്പെടുത്തലുകൾ മാത്രമായി ഇങ്ങിനെ ഒരു പുസ്തകവുമായി അദ്ദേഹം വരുമ്പോൾ, യഥാർത്ഥ പ്രവാസം എന്താണെന്ന്, അല്ലങ്കിൽ മണൽക്കാട്ടിലെ മണൽത്തരികളുടെ ചൂടും ചൂരും എന്താണെന്ന് ഇന്നത്തെ തലമുറകൾക്ക് വ്യക്തമായി പഠിക്കാൻ ഒരവസമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. നീണ്ട നാൽപ്പത്തി അഞ്ച് വർഷത്തെ യു എ ഇ ലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മക്കളോടൊത്ത് കഴിഞ്ഞ അഞ്ചു വർഷമായി അമേരിക്കയിലെ ചിക്കാഗോവിൽ സ്ഥിരതാമസം നടത്തുന്ന എം പി മാധൻ ഇങ്ങിനെ ഒരു ജീവിതകഥ പ്രകാശനം ചെയ്യാൻ, ജീവിതത്തിൻ്റെ ഭൂരിഭാഗവും ജീവിച്ചു തീർത്ത യു എ ഇ ലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളതന്നെ തിരഞ്ഞെടുത്തത് വളരെ ശ്രദ്ധേയമാണ്.ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് രാജു, പോൾ ടി ജോസഫ്, കെ പി സലീം. എന്നിവർ സംസാരിച്ചു.
റിപ്പോർട്ടർ,
രവി കൊമ്മേരി.