ഷാർജ: യശഃശരീരനായ സാഹിത്യകാരൻ സി.വി.ശ്രീരാമന്റെ സ്മരണാർത്ഥം ഖത്തർ സംസ്കൃതി സംഘടിപ്പിച്ചുവരുന്ന ഈ വർഷത്തെ സംസ്കൃതി – സി.വി.ശ്രീരാമൻ സാഹിത്യ പുരസ്കാരം സാദിഖ് കാവിലിന്റെ ‘കല്ലുമ്മക്കായ’ എന്ന ചെറുകഥ പുരസ്കാരത്തിന് ലഭിച്ചു.കാസർഗോഡ് സ്വദേശിയായ സാദിഖ് കഴിഞ്ഞ 15 വർഷമായി ദുബായിൽ മനോരമ ഓൺലൈൻ റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നു. മാധ്യമ പ്രവർത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതുന്നു. മികച്ച നോവലിനുള്ള ദോഹ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം (2017) പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് (2014) എന്നിവ ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ‘ഔട്പാസ്’ എന്ന ആദ്യ നോവലിന് ലഭിച്ചു. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ‘ഖുഷി’ എന്ന ബാലനോവലിന് ചിരന്തന സാഹിത്യ പുരസ്കാരം ലഭിച്ചു. നാഷണൽ ബുക്ക് ട്രസ്റ്റ് കഥാ പുരസ്കാരം, എം.ഇ.എസ്. പൊന്നാനി അലുംനെ കഥാ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ‘കാവിലെ പൂക്കൾക്കും കിളികൾക്കും’ (ഓർമ്മക്കുറിപ്പുകൾ -2018), ‘ജീവിതത്തിന്റെ നല്ലൊരു ഭാഗം’ (ഗൾഫ് അനുഭവക്കുറിപ്പുകൾ – 2014), ‘കന്യപ്പാറയിലെ പെൺകുട്ടി’ (നോവെല്ല 2014), ‘പ്രിയ സുഹൃത്തിന്’ (കഥകൾ – 2000) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങൾ.ജി.സി.സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസിമലയാളികളുടെ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. വിവിധ ജി സി സി രാജ്യങ്ങളിൽ നിന്നുമായി 75 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.
സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ അശോകൻ ചരുവിൽ, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലൻ, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ.എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. നവംബർ 5 നു വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഐ.സി.സി. അശോക ഹാളിൽ വെച്ച് നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കും. ജൂറി അംഗങ്ങൾ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് 6 മണിക്ക് സംസ്കൃതി കേരളോത്സവം വിവിധ കേരളീയ കലകളുടെ അവതരണത്തോടെ ഈ വേദിയിൽ വെച്ച് നടക്കും.സംസ്കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി ആറളയിൽ, ജനറൽ സെക്രട്ടറി എ. കെ. ജലീൽ, സംസ്കൃതി – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാര സമിതി കൺവീനർ ഇ.എം.സുധീർ, കേരളോത്സവം പ്രോഗ്രാം കൺവീനർ ഒ.കെ.സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
റിപ്പോർട്ടർ,
രവി കൊമ്മേരി.