ഇന്നിങ്‌സിന് ഒടുവില്‍ ക്ഷീണിതനായി, യുഎഇയില്‍ ഏറെ നേരം ബാറ്റ് ചെയ്യുക ദുഷ്‌കരം: രോഹിത്

  •  
  •  
  •  
  •  
  •  
  •  
  •  

അബുദാബി: യുഎഇയിലെ സാഹചര്യങ്ങളില്‍ ഏറെ നേരം ബാറ്റ് ചെയ്യുക ദുഷ്‌കരമാണെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ തന്റെ ഇന്നിങ്‌സിന്റെ അവസാനത്തേക്ക് എത്തിയപ്പോഴേക്കും ക്ഷീണം അനുഭവപ്പെട്ടത് ഇതിനാലാണെന്ന് രോഹിത് പറഞ്ഞു.

സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 54 പന്തില്‍ നിന്ന് 80 റണ്‍സ് ആണ് രോഹിത് സ്‌കോര്‍ ചെയ്തത്. പറത്തിയത് മൂന്ന് ഫോറും ആറ് സിക്‌സും. പിന്നാലെ ബൗളര്‍മാരും താളം കണ്ടെത്തിയതോടെ 49 റണ്‍സ് ജയത്തിലേക്ക് മുംബൈ എത്തി. യുഎഇയിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ജയവുമാണ് ഇത്.

യുഎഇയിലെ സാഹചര്യങ്ങളില്‍ കളിക്കാന്‍ കൂടുതല്‍ പ്രയത്‌നം ആവശ്യമാണ്. താളം കണ്ടെത്തിയ ബാറ്റ്‌സ്മാന്‍ അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം എന്ന പാഠമാണ് ഇവിടെ നിന്ന് ലഭിച്ചത്. കഴിഞ്ഞ ആറ് മാസമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രീസില്‍ കൂടുതല്‍ സമയം ചെലവിടാനാണ് ഞാന്‍ ശ്രമിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അതിന് കഴിഞ്ഞില്ല. എന്നാല്‍ കൊല്‍ക്കത്തക്കെതിരെ അതിനായതില്‍ സന്തോഷമെന്ന് രോഹിത് പറഞ്ഞു.

എന്റെ എല്ലാ ഷോട്ടുകളും ഇന്ന് നന്നായിരുന്നതായി ചിരി നിറച്ച് രോഹിത് പറഞ്ഞു. പുള്‍ ഷോട്ട് കളിക്കാന്‍ ഞാന്‍ കൂടുതല്‍ പരിശീലിച്ചു. ഇന്നത്തെ ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണ്. യുഎഇയിലായിരിക്കും ഐപിഎല്‍ നടക്കുക എന്ന അറിഞ്ഞിരുന്നില്ലല്ലോ…അതിനാല്‍ വാങ്കടെയിലെ പിച്ചിനെ തുണക്കുന്ന വിധം ശക്തമായ പേസ് നിരയുമായാണ് ടീമുണ്ടാക്കിയത്..

എന്നാല്‍ യുഎഇയിലും ആദ്യ ആറ് ഓവറില്‍ പന്ത് സീം ചെയ്യിക്കാനായി. ബോള്‍ട്ടിനും പാറ്റിന്‍സനും ഒപ്പം അധികം കളിച്ചിട്ടില്ല. എന്നാല്‍ ടീമിനോട് അവരും ഇണങ്ങി. 2014ല്‍ ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളില്‍ തോറ്റ ടീമില്‍ നിന്ന് രണ്ട് കളിക്കാര്‍ മാത്രമാണ് ഇപ്പോള്‍ ടീമിലുള്ളത്. പദ്ധതികള്‍ നടപ്പിലാക്കുന്നതിലാണ് കാര്യം, രോഹിത് പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ