നീണ്ട 6 മാസത്തിനുശേഷം അതായത് കൃത്യമായിപ്പറഞ്ഞാൽ 188 ദിവസങ്ങൾക്കുശേഷം വിശ്വപ്രസിദ്ധമായ ആഗ്രയിലെ താജ്മഹൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ദർശകർക്കായി തുറന്നപ്പോൾ ആദ്യം ഉള്ളിൽക്കടക്കാൻ സൗഭാഗ്യം സിദ്ധിച്ചത് ചൈനീസ് സ്വദേശി ‘ലിയാംഗ് ചെങ്’ന് ആയിരുന്നു.
താജ് ചുറ്റിക്കണ്ടശേഷം ലിയാംഗ് ചെങ് താജിനുമുന്നിൽ കുറേനേരം യോഗ ചെയ്തശേഷമാണ് മടങ്ങിയത്. ഓൺലൈൻ വഴിയായിരുന്നു ടിക്കറ്റുകളെല്ലാം വിറ്റിരുന്നത്.
സാധാരണ സൂര്യോദയം മുതൽ സൂര്യാസ്തയം വരെയുള്ള സന്ദർശനസമയം ഇപ്പോൾ വെട്ടിച്ചുരുക്കി രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാക്കിയിരിക്കുന്നു.
ടിക്കറ്റ് കൗണ്ടർ പൂർണ്ണമായും അടഞ്ഞുതന്നെ കിടന്നു. സാധാരണ ഒരു ദിവസം പതിനായിരം വരെ സന്ദർശകർ താജ് കാണാനായി വന്നിരുന്നു.
ഇപ്പോൾ കോവിഡ് കാലത്ത് അത് 5000 മായി വെട്ടിക്കുറച്ചു. അതുകൊണ്ടുതന്നെ ടിക്കറ്റ് ലഭിക്കാതെ പലരും നിരാശരായി.
താജ് മഹൽ ഇതുനുമുന്പ് രണ്ടുതവണയാണ് അടച്ചിട്ടിട്ടുള്ളത്. ആദ്യം 1971 ൽ ഇന്ത്യ – പാക്ക് യുദ്ധകാലത്തും പിന്നീട് 1978 ൽ യമുനാനദിയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലവും.