തിരുവനന്തപുരം: 45ാമത് വയലാർ പുരസ്കാരത്തിന് ബെന്യാമിൻ അർഹനായി. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കലശിൽപവുമാണ് സമ്മാനിക്കുക. കെ. ആർ മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.പത്തനംതിട്ട സ്വദേശിയായ ബെന്യാമിന്‍റെ യഥാർഥ പേര് ബെന്നി ഡാനിയേല്‍ എന്നാണ്. കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന്‍റെ പ്രധാന നോവലുകൾ ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ തുടങ്ങിയവയാണ്. ഇ.എം.എസും പെണ്‍കുട്ടിയും, പെണ്‍മാറാട്ടം, യുത്തനേസിയ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍.ജാസ്മിൻ ഡേയ്സ് എന്ന പുസ്തകത്തിന് ജെ.സി.ബി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അബുദാബി മലയാളിസമാജം പ്രവാസ സാഹിത്യ പുരസ്‌കാരം, അറ്റ്ലസ് കൈരളി കഥാപുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, നോര്‍ക്ക റൂട്ട്സ് പ്രവാസ സാഹിത്യപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ആടുജീവിതത്തിന് കേന്ദ്രപ്രവാസകാര്യവകുപ്പിന്‍റെ പ്രത്യേക പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് പത്മപ്രഭ പുരസ്‌കാരം നേടി.