ലോകസിനിമക്കു ഇന്ത്യന്‍ വെള്ളിത്തിരയുടെ വരദാനമായ മഹാനടന്‍ മമ്മൂട്ടിയുടെ അത്യുജ്ജ്വലമായ അഭിനയസപര്യക്ക് തികച്ചും വ്യത്യസ്തമായ ഒരു ആരാധക സമര്‍പ്പണം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ 49 വര്‍ഷങ്ങള്‍ കോര്‍ത്തിണക്കി 7 ഭാഷകളില്‍ ആദ്യമായി ഒരു മ്യൂസിക്ആല്‍ബം തയ്യാറാക്കിയിരിക്കുന്നു. പ്രമുഖരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ വീഡിയോ ആല്‍ബം ഉടനെ പുറത്തിറങ്ങും.
‘സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടന്‍’ എന്ന് സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത് ഒരേ ഒരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ ഏറ്റവും മികച്ച യോഗ്യതയുള്ള നടനെന്നും എം ടി ഉറക്കെ വിളിച്ചു പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജി ജോര്‍ജ്ജ്, ഷാജി എന്‍ കരുണ്‍, ബാലു മഹേന്ദ്ര, മണിരത്‌നം, ജബ്ബാര്‍ പട്ടേല്‍ എന്നു വേണ്ട ഇന്ത്യന്‍ സിനിമാ ലോകവും പ്രേക്ഷകരും ഏറെ ആദരവോടെയും, സ്‌നേഹത്തോടെയും, ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടന്‍ തന്റെ അഭിനയജീവിതത്തില്‍ മനോഹരമായ 49 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ വേളയില്‍ മലയാളത്തിന്റെ നടനവിസ്മയത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ ആശംസകള്‍ നല്‍കിക്കൊണ്ട്, ഇന്ത്യയിലെ 7 ഭാഷയില്‍ 12 ഗായകരെ അണിനിരത്തികൊണ്ടുള്ള ഈ സംഗീത ആല്‍ബം റിലീസിന് തയ്യാറായി. ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേര്‍ന്ന് ഒരുക്കുന്ന ഈ വീഡിയോ ആല്‍ബം,മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ ഇന്റര്‍നാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്.
ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിട്ടുള്ളത് യൂസഫ് ലെന്‍സ്മാനാണ്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്‌സല്‍ ഇസ്മയില്‍, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദന്‍, സച്ചിന്‍ വാര്യര്‍, ഇഷാന്‍ ദേവ്, അജ്മല്‍, മെറില്‍ ആന്‍ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണന്‍ (മലയാളം), ഫൗസിയ അബൂബക്കര്‍ (ഉര്‍ദു), സുരേഷ് കുമാര്‍ രവീന്ദ്രന്‍ (തമിഴ്), വിനോദ് വിജയന്‍ (തെലുങ്ക് – കന്നഡ), യഹിയ തളങ്കര (ഉര്‍ദു), ഷാജി ചുണ്ടന്‍ (ഇംഗ്ലീഷ്), അബ്ദുല്‍ അസീസ് (അറബിക്) തുടങ്ങിയവരുടെ രചനയില്‍ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമര്‍പ്പണം അവതരിപ്പിച്ചിട്ടുള്ളത്.
12 ഗായകര്‍ക്കൊപ്പം ദുബായ് ജാസ് റോക്കേഴ്‌സിലെ 20 കുട്ടികളും ഈ ആല്‍ബത്തില്‍ പെര്‍ഫോം ചെയുന്നു. ഇന്ത്യന്‍ സിനിമയിലെ പഴയ തലമുറക്കാരുടെ നായകസങ്കല്പത്തിന്റെയും, പുതു തലമുറക്കാരുടെ സിനിമയെന്ന സ്വപ്ന സാക്ഷല്‍ക്കാരത്തിന്റെയും സൂര്യതേജസ്സായ മഹാനടന്‍ മമ്മൂട്ടിയുടെ 49വര്‍ഷത്തെ അഭിനയ ജീവിതം ഈ പാട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ, മാതൃകാപരമായ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പാട്ടിന്റെ ഭാഗമാണ്. പി ജെ ആന്റണിക്കും, ഭരത് ഗോപിക്കും, ബാലന്‍ കെ നായര്‍ക്കും, പ്രേംജിക്കും പിന്മുറക്കാരനായി ദേശിയ പുരസ്‌കാര ബഹുമതിയായ സ്വര്‍ണ്ണപ്പതക്കം മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യന്‍ സിനിമ ലോകത്തിന്റെ ഒന്നാം നിരയില്‍ മലയാള സിനിമയുടെ സ്ഥാനമുറപ്പിച്ച മലയാളത്തിന്റെ നിറകുടത്തിനുള്ള സ്‌നേഹസമര്‍പ്പണമാണ് ഈ ആല്‍ബം.
ഫൈസല്‍ നാലകത്ത്, റസല്‍ പുത്തന്‍പള്ളി, ഷംസി തിരൂര്‍, സിഞ്ചോ നെല്ലിശ്ശേരി, റോയ് പാരീസ്, സണ്ണി മാളിയേക്കല്‍ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍