ദുബായ്:ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കായ ദുബായ് ഗാർഡൻ ഗ്ലോ, ഗ്ലോ-ഇൻ-ഡാർക്ക് ഗാർഡൻ പുതിയ ആശയങ്ങളും ആകർഷണങ്ങളുമായി ഏഴാം സീസണിലേയ്ക്ക് വാതില്‍ തുറന്നു. കഴിഞ്ഞ ആറ് സീസണുകളിലെ വൻ വിജയത്തിന് ശേഷം ‘ഗ്ലോയിങ് സഫാരി’ എന്ന പ്രമേയത്തിലാണ് സന്ദർശകർക്കായി വിസ്മയ കാഴ്ചകളൊരുക്കുന്നത്.നൂതനമായി പുനർനിർമിച്ച വന്യജീവികളുടെ മാതൃകകൾ സന്ദർശകരെ ആകർഷിക്കും. ചുറ്റും ജ്വലിക്കുന്ന മൃഗങ്ങളുള്ള ഗ്ലോ പാർക്കിലെ സഫാരി ട്രക്കുമുണ്ട്. ചലിക്കുന്ന പുഷ്പങ്ങളുള്ള വർണാഭമായ പുഷ്പത്താഴ്‌വര, 10 ദശലക്ഷം ഉൗർജ സംരക്ഷണ ബൾബുകൾ ഉപയോഗിച്ചുള്ള തിളങ്ങുന്ന ബട്ടർഫ്ലൈ ട്രയൽ എന്നിവയും സവിശേഷാനുഭൂതി പകരും.
ഗ്ലോ പാർക്ക്, നിയോൺ വണ്ടർലാൻഡ് എന്നിവ സന്ദർശകരെ വിവര യുഗത്തിൽ നിന്ന് വിനോദ യുഗത്തിലേയ്ക്ക് കൊണ്ടുപോകും. കലാപരമായി നിർമിച്ച പരിസ്ഥിതി സൗഹൃദ മോഡലുകൾ കാഴ്ചക്കാരുടെ മനസ്സിൽ ശാശ്വതമായി നിലനിൽക്കുന്നതുമാണ്. പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പുനരുപയോഗ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ആർട്ട് പാർക് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം നൽകുന്നു. കുപ്പികൾ, സിഡികൾ എന്നിവ ഉപയോഗിച്ച് നിർമിച്ച വന്യജീവി ഇൻസ്റ്റാലേഷനുകൾ കൗതുകം സമ്മാനിക്കും. പരിസ്ഥിതി സൗഹൃദ ആർട് പാർക്ക് സന്തോഷം, സാംസ്കാരിക മൂല്യങ്ങൾ, വിശ്വാസങ്ങൾ, സ്വത്വം എന്നീ വ്യത്യസ്ത വിഷയങ്ങളാൽ കൂടിച്ചേർന്നതും നിറങ്ങളുടെ പറുദീസ സൃഷ്ടിക്കുന്നതുമാണ് മാജിക് പാർക്, വിഷ്വൽ ആർട്ടുകളിൽ ഉപയോഗിച്ചിരിക്കുന്ന വിസ്മയിപ്പിക്കുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണകളുടെ ലോകം അവതരിപ്പിക്കുന്നു. ഹിപ്നോട്ടിക് ഒപ്റ്റിക്കൽ ഇഫക്റ്റുകൾ സൃഷ്ടിക്കാൻ ഈ ജ്യാമിതീയ കലാ രൂപങ്ങൾ ഉപയോഗിക്കുന്നു, മനുഷ്യ മസ്തിഷ്കം മനസ്സിലാക്കുന്നതും നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്നതും തമ്മിൽ നിഗൂഢമായ ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യപരവും ഇന്ദ്രിയപരവും വിദ്യാഭ്യാസപരവുമായ സാഹസികതയുടെ ലോകം സൃഷ്ടിക്കുന്നതാണ് മാജിക് പാർക്ക്. വാറ്റ് ഉൾപ്പെടെ 65 ദിർഹം. ഗ്ലോ പാർക്ക്, ദിനോസർ പാർക്, ആർട് പാർക് എന്നിവ സന്ദർശിക്കാൻ സന്ദർശകനെ അനുവദിക്കും. എന്നാൽ, മാജിക് പാർക് ആസ്വദിക്കാൻ 45 ദിർഹം പ്രത്യേക പ്രവേശന ഫീസ് ഉണ്ട്. പ്രവേശന സമയവും വഴിയും സബീൽ പാർക്കിന്റെ ഗേറ്റ് നമ്പർ 6ൽ സ്ഥിതി ചെയ്യുന്ന ദുബായ് ഗാർഡൻ ഗ്ലോവ് ശനി മുതൽ ബുധൻ വരെ വൈകിട്ട് 4 മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പുലർച്ചെ 12 വരെയും തുറന്നിരിക്കും. www.dubaigardenglow.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.