തിരുവനന്തപുരം: ഡിജിലോക്കർ സംവിധാനം ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തി പ്രമാണപരിശോധന നടത്തുന്നതിന്റെ ഉദ്ഘാടനം പി.എസ്.സി ആസ്ഥാന ഓഫിസിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിച്ചു. കമീഷൻ അംഗങ്ങളായ സ്റ്റാനി തോമസ്, ബോണി കുര്യാക്കോസ്, ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽകുമാർ സിങ്, കേരള ഐ.ടി മിഷൻ ടെക്നോളജി ഹെഡ് രാജീവ് പണിക്കർ, അഡീഷനൽ സെക്രട്ടറി വി.ബി. മനുകുമാർ, സിസ്റ്റം അഡ്മിനിസ്േട്രറ്റർ ആർ. മനോജ്, അണ്ടർ സെക്രട്ടറി കെ.പി. രമേഷ് കുമാർ എന്നിവർ സംസാരിച്ചു.കണ്ണൂർ ജില്ലയിലെ ഉദ്യോഗാർഥിയുടെ സി.ടി.ഇ.ടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സർട്ടിഫിക്കറ്റ് ഡിജിലോക്കർ വഴി അപ്ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്തിയാണ് സംവിധാനം ഉദ്ഘാടനം ചെയ്തത്. കേരള സ്റ്റേറ്റ് ഐ.ടി മിഷൻ സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം, നാഷനൽ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കേരള പി.എസ്.സിക്ക് ഡിജിറ്റൽ ലോകത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനായത്.
ഡിജിറ്റൽ ഡോക്യുമെൻറ് ഉദ്യോഗാർഥി അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകാതെ പരിശോധനാവിഭാഗത്തിന് കാണാനും വെരിഫൈ ചെയ്ത് സാക്ഷ്യപ്പെടുത്താനുമുള്ള സൗകര്യമാണ് പി.എസ്.സിക്ക് ലഭ്യമായത്. ഇനിമുതൽ മറ്റ് സ്ഥാപനങ്ങൾ ഡിജിലോക്കർ വഴി ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലേക്ക് അപ്ലോഡ് ചെയ്യാൻ കഴിയും.വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിലോക്കർ സംവിധാനത്തിലൂടെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐ.ടി മന്ത്രാലയത്തിെൻറ കീഴിലാണ് ഈ സർക്കാർ സംവിധാനം പ്രവർത്തിച്ചുവരുന്നത്. ഐ.ടി നിയമത്തിലെ റൂൾ 9 പ്രകാരം ഡിജിലോക്കർ വഴി ലഭ്യമാകുന്ന പ്രമാണങ്ങൾ അസ്സൽ പ്രമാണമായിതന്നെ പരിഗണിക്കാവുന്നതാണ്. പൊതുജനങ്ങൾ സേവനങ്ങൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന രീതി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ആവശ്യമാണ് ഇവിടെ നിറവേറുന്നത്. ഡിജി ലോക്കർ വഴി പ്രമാണപരിശോധന നടത്തുന്ന ആദ്യ പി.എസ്.സിയായി കേരള പി.എസ്.സി മാറുകയാണ്.