ന്യൂഡൽഹി: അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയിൽനിന്ന് രാജ്യം ഒഴിവാക്കി. ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്‌ട്ര സഞ്ചാരികളുടെ പുതുക്കിയ മാർഗ നിർദേശ ത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള കോവിഡ് പരിശോധനയിൽനിന്നാണ് അഞ്ചു വയസ്സിൽ താഴെയുള്ളവരെ ഒഴിവാക്കിയത്. എന്നാൽ, എത്തിച്ചേരുമ്പോഴോ ഹോം ക്വാറൻറീൻ സമയത്തോ കോവിഡ് ലക്ഷണം കണ്ടാൽ പരിശോധനക്ക് വിധേയരാകണം. വരുന്നവർ വാക്സിനേഷൻ പൂർത്തിയാക്കി 15 ദിവസം കഴിഞ്ഞിരിക്കണം. നവംബർ 12 മുതൽ പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിലാകും.കോവിഡ് ആഗോളതലത്തിൽ കുറയുന്നുണ്ടെങ്കിലും തുടർച്ചയായി മാറുന്ന വൈറസിന്റെ സ്വഭാവവും പരിണാമവും സൂക്ഷിക്കണമെന്ന് സർക്കാർ നിർദേശിക്കുന്നു.നിലവിലെ മാർഗനിർദേശ പ്രകാരം യാത്രക്കാർ പൂർണമായി വാക്സിനേഷൻ എടുക്കുകയും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ സ്വീകരിക്കാൻ ക്രമീകരണമുള്ള രാജ്യത്തുനിന്ന് വരുകയും ചെയ്താൽ അവരെ വിമാനത്താവളം വിടാൻ അനുവദിക്കും. ഹോം ക്വാറൻറീൻ വേണ്ട.വന്നശേഷം 14 ദിവസം ആരോഗ്യം സ്വയം നിരീക്ഷിക്കണം. ഭാഗികമായോ വാക്‌സിനേഷൻ എടുത്തില്ലെങ്കിലോ എത്തിച്ചേരുമ്പോൾ പരിശോധനക്കായി സാമ്പിൾ സമർപ്പിക്കൽ ഉൾപ്പെടെ നടപടികൾ യാത്രക്കാർ സ്വീകരിക്കണം. അതിനുശേഷം എയർ പോർട്ടിൽനിന്ന് പുറത്തുപോകാമെന്നും വ്യക്തമാക്കുന്നു.