അബുദാബി : യുഎഇയിൽ അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണം കൂടാൻ കാരണം സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ വ്യാപകമായി നടന്നുവരുന്നു.
കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.
എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശിച്ചു. ഒാഗസ്റ്റ് 10ന് ശേഷം അഞ്ച് മടങ്ങ് രോഗികൾ വർധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി അറിയിച്ചിരുന്നു.
ഇതിൽ 88% പേർക്കും രോഗം ബാധിച്ചത് പാർട്ടികൾ, അനുശോചന പരിപാടികൾ തുടങ്ങിയ കൂട്ടായ്മകളിൽ നിന്നും ക്വാറൻ്റീൻ പ്രോട്ടോകോൾ ലംഘിച്ചതു മൂലവുമാണെന്ന് വ്യക്തമാക്കി.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.