സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന സമരങ്ങൾ നിയന്ത്രിച്ച 101 പൊലീസുകാർ കോവിഡ് രോഗം ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 161 പൊലീസുകാർ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുണ്ടെന്നും 171 പേർ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമരങ്ങൾ നിയന്ത്രിച്ചവരിൽ 101 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഡി വൈ എസ്പി, ഒരു ഇൻസ്പെക്ടർ, 12 സബ് ഇൻസ്പെക്ടർമാർ, 8 എ എസ് ഐമാർ, 8 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 71 സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമരക്കാർ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും സമരം നടത്തുന്ന രാഷ്ട്രീയപ്പാർട്ടികൾ ഇക്കാര്യത്തിൽ ഉത്തരവാദിത്തം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരക്കാർ വൈറസ് പകരാനുള്ള എല്ലാ സാഹചര്യവും ഉണ്ടാക്കുകയാണ്. കോവിഡിനെ നേരിടാൻ സേവനം നടത്തുന്ന പൊലീസുകാർക്ക് രോഗം വരാനുള്ള സാഹചര്യം ഉണ്ടാക്കുന്നത് ശരിയല്ല. ഈ വസ്തുതയെ മാധ്യമങ്ങൾ പോലും വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് 4125 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3461 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 412 പേർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. 19 കോവിഡ് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 3007 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.