ദുബായ്∙ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ മൂന്നര പതിറ്റാണ്ടുകാലം മുന്നിൽനിന്നു നയിച്ച ജനകീയ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൊല്ലം അഞ്ചു കല്ലുംമൂട് സ്വദേശി നൗഷാദ് പുന്നത്തലയെന്ന് ഭാവനാ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സംഘടനകൾ വിരളമായിരുന്ന കാലത്ത് യുഎഇയിലുള്ളവർക്കും ജോലി അന്വേഷിച്ചെത്തുന്നവർക്കും താങ്ങും താങ്ങും തണലുമായിരുന്നു അദ്ദേഹം. ജാതിമതഭേദമന്യെ ചെറിയവർക്കും വലിയവർക്കും ഒരുപോലെ ആശ്രയിക്കാവുന്ന അപൂർവം സംഘടനാ നേതാക്കളിൽ ഒരാളായിരുന്നു നൗഷാദ് പുന്നത്തലയെന്ന് പുന്നക്കൻ മുഹമ്മദലി അനുസ്മരിച്ചു. വിദേശ മലയാളികളുടെ വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഇടപെടുകയും സമാന ചിന്താഗതിക്കാരെ ചേർത്തുനിർത്തുകയും ചെയ്തിരുന്നു. ഞാനും നിങ്ങളും വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന വരാണെങ്കിലും വിദേശമലയാളികളുടെ കാര്യത്തിൽ നമ്മുടെ രാഷ്ട്രീയം പ്രവാസി എന്നതായിരിക്കണമെന്ന് അദ്ദേഹം പ്രവർത്തിച്ചു കാണിച്ചു തന്നതായി പുന്നക്കൻ വ്യക്തമാക്കി. വിവിധ ആവശ്യ ങ്ങൾക്ക് സഹായം തേടിയെത്തുന്നവരെ ആരെയും നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല 36 വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ നേതൃത്വ ത്തിൽ ആയിരങ്ങൾക്ക് സാന്ത്വനമെത്തിക്കാനും സാധിച്ചു.യുഎഇയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പുന്നത്തലയുടെ വേർപാട് പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അധ്യക്ഷത വഹിച്ച സ്റ്റേജ് കലാം അഭിപ്രായപ്പെട്ടു.വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ ഉയരുകയും മതിയായ വിമാന സർവീസില്ലാതെ ജനം നട്ടം തിരിയുകയും ചെയ്ത മുൻകാലങ്ങളിൽ ഏകോപന സമിതി രൂപീകരിച്ച് പ്രവാസികളുടെ പ്രതിഷേധത്തിന് മൂർച്ചകൂട്ടുന്നതിൽ മുന്നിലുണ്ടായിരുന്നു നൗഷാദ്. വിദേശ വിമാന കമ്പനികൾക്ക് കേരളത്തിലേക്കു സർവീസ് നടത്താൻ അനുമതി നൽകുക, വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുക, യൂസേഴ്സ് ഫീ പിൻവലിക്കുക, എമിഗ്രേഷൻ പീഡനം അവസാനിപ്പിക്കുക തുടങ്ങി ഒട്ടേറെ വിഷയങ്ങ ൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ ഡൽഹിയിലും തിരുവനന്തപുരത്തുമെത്തി സമരം നടത്തിയിരുന്നു.കേന്ദ്ര, സംസ്ഥാന സർക്കാരു കളുടെയും നയതന്ത്ര കാര്യാലങ്ങ ളുടെയും മുൻപാകെ പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ മുഖംനോക്കാതെ വിമർശിക്കുകയും ചെയ്തിരുന്നു. സ്വന്തം പണം മുടക്കി പ്രവാസി ഭാരതീയ ദിവസിലെത്തി പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഫലമില്ലെന്ന് അറിയാമായിരുന്നിട്ടും പ്രവാസി വിഷയം ഉന്നയിക്കാൻ കിട്ടുന്ന അവസര ങ്ങളൊന്നും അദ്ദേഹം മുടക്കിയിരുന്നില്ല. നയതന്ത്ര കേന്ദ്രങ്ങൾ സാധാരണക്കാർക്കു കയറി ച്ചെല്ലാവുന്ന ഇടമാക്കുന്നതിലും നൗഷാദിന് വലിയ പങ്കുണ്ട്.മാള ഇരട്ടക്കൊലപാതകത്തിലെ ഇരകളുടെ കുടുംബത്തോടൊപ്പം നീതിക്കു വേണ്ടിയും പോരാടി. ഒരിക്കലെങ്കിലും നൗഷാദുമായി ഇടപെട്ടവർക്ക് ഉറ്റ സഹോദര നെയോ ചേട്ടനെയോ അനുജനെയോ നഷ്ടപ്പെട്ട വേദനയാണ്. അതുപോലതന്നെ ജീവിച്ചു കൊതിതീരാതെയാണ് അദ്ദേഹത്തിന്റെ മടക്കവും. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സാർഥം ഒന്നര വർഷം മുൻപ് നാട്ടിലേക്കു പോയ ശേഷവും ഒട്ടേറെ പേർക്കു ജോലി ലഭ്യമാക്കാനുള്ള ശുപാർശ ചെയ്തിരുന്നു. 3 തവണ സ്ട്രോക്കുണ്ടായിട്ടും മനക്കരുത്തിലൂടെ തിരിച്ചെത്തിയ അദ്ദേഹം ഡയാലിസുമായി ആശുപത്രിയിൽ കയറിയിറങ്ങവെയാണ് ആ ജീവൻ കോവിഡ് കവർന്നെടുത്തത്. ജനസേവകനായി തുടരാനുള്ള മോഹം ബാക്കിവച്ചാണ് 60കാരൻ നമ്മെ വിട്ടുപിരി യുന്നത്. മൺമറഞ്ഞാലും ജനമനസ്സിൽ മായാതെ നിൽക്കും നൗഷാദിന്റെ സേവനങ്ങൾ. ദുബായിൽ നടന്ന അനുസ്മരണത്തിൽ ഹാരിസ് വർക്കല, ജോൺസൺ, ശശി വെന്നിക്കൽ, നാരായണൻ വെളിയംകോട്, നാസർ ഊരകം, അഖിൽദാസ് ഗുരുവായൂർ, അബുല്ലൈസ്, അസീസ് (എം.എസ്.എസ് )തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.