ന്യൂഡൽഹി:മോട്ടിവേഷനൽ ക്ലാസ്സുകളിലെ പതിവു പ്രചോദനാത്മക കഥകൾക്കു പകരം വയ്ക്കാവുന്ന ‘ഇന്ത്യ – ഓസീസ് ടെസ്റ്റ്’ സംഭവത്തിലെ തിളങ്ങുന്ന അധ്യായം യുവ ഇന്ത്യയുടെ ഉദയമാണ്. ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, ഹനുമ വിഹാരി, ടി.നടരാജൻ, നവ്‌ദീപ് സെയ്നി എന്നിവരിലൂടെ ടീം ഇന്ത്യയുടെ പുതുയുഗപ്പിറവിക്കാണ് ഓസ്ട്രേലിയൻ മണ്ണ് സാക്ഷ്യം വഹിച്ചത്. എന്നാൽ, ഇന്നലെപ്പെയ്ത മഴയിൽ മുളച്ചുപൊന്തിയതല്ല ഈ യുവനിര. അണ്ടർ 19, ഇന്ത്യ എ ടീമുകളിലൂടെ മികവിന്റെ ഓരോ ഇന്നിങ്സുകളും പിന്നിട്ടാണ് ഇവരുടെ കുതിപ്പ്. ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ ശിക്ഷണവും ഈ യുവതുർക്കികളുടെ കുതിപ്പിനു വളമേകി. പുതുതലമുറയെ വളർത്താൻ ക്രിക്കറ്റ് ഭരണാധികാരികൾ നടത്തുന്ന ആസൂത്രണവും ടീം ഇന്ത്യയുടെ വീരഗാഥയ്ക്ക് അടിത്തറ പാകി.എ ടീം അംഗങ്ങളായി സ്വദേശത്തും വിദേശത്തും ഒട്ടേറ പര്യടനങ്ങളുടെ ഭാഗമായവരാണ് ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്കായി തിളങ്ങിയ യുവതാര ങ്ങളിലേറെയും. 2010 മുതലുള്ള കണക്കെടുത്താൽ ഇന്ത്യൻ എ ടീം 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് (അനൗദ്യോഗിക ടെസ്റ്റുകളും ഏകദിനങ്ങളും ഉൾപ്പെടെ) വിദേശ ടീമുകൾക്കെതിരെ കളിച്ചത്. ലോക ക്രിക്കറ്റിൽ മറ്റൊരു രാജ്യത്തിന്റെയും എ ടീമിന് ഇത്രയും മത്സരങ്ങളുടെ പരിചയമില്ല. ഇന്ത്യൻ താരങ്ങളിൽ പേസർ സിറാജാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ എ ടീമിനൊപ്പം കളിച്ചത്: 16. സെയ്നി (14), വിഹാരി (12), ഗിൽ (8), പന്ത് (4) എന്നിവരും പിന്നിലല്ല. പല പര്യടനങ്ങളിലും ക്യാപ്റ്റനായി തിളങ്ങിയത് അജിൻക്യ രഹാനെയാണ്. ന്യൂസീലൻഡിൽ 2020ലും 2018ലും പര്യടനം നടത്തി. വെസ്റ്റിൻഡീസിനെതിരെയും ടെസ്റ്റ് കളിച്ചു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളെ ഇന്ത്യയിൽ നേരിട്ടപ്പോൾ ശാർദൂലും നിരയിലുണ്ടായിരുന്നു. ഓരോ പരമ്പരയും യുവതാരങ്ങളിൽ ആത്മവിശ്വാസം നിറച്ചു.രഞ്ജി ട്രോഫിയും ഐപിഎലുമെല്ലാം യുവതാരങ്ങൾക്കു മിടുക്കു തെളിയിക്കാനുള്ള പിച്ചായിരുന്നു. ഹൈദരാബാദിനായി 2015–16 രഞ്ജി സീസണിൽ നടത്തിയ പ്രകടനത്തിലൂടെയാണു സിറാജ് ശ്രദ്ധനേടിയത്. നടരാജനും വാഷിങ്ടൻ സുന്ദറുമെല്ലാം ഐപിഎലിലൂടെ ക്ലാസ് തെളിയിച്ചവരാണ്. ദുലീപ് ട്രോഫി, ദേവ്‌ധർ ട്രോഫി, വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലൂടെ യുവതാരങ്ങൾക്കു കളംപിടിക്കാനുള്ള അവസരമുണ്ടാക്കി ബിസിസിഐയും ഒപ്പംനിന്നു. 2015 മുതൽ 2019 വരെ അണ്ടർ 19 ടീമിന്റെ ചുമതല മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനായിരുന്നു. പന്തും ഗില്ലും വാഷിങ്ടൻ സുന്ദറുമെല്ലാം ഇന്ത്യൻ അണ്ടർ 19 ടീമിൽ ദ്രാവിഡിന്റെ കയ്യിലൂടെ കടന്നുവന്നവരാണ്. 2018ൽ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനെ ഒരുക്കിയതും ദ്രാവിഡായിരുന്നു. പൃഥ്വി ഷായും ഗില്ലുമെല്ലാം ആ ടീമിലു ണ്ടായിരുന്നു. 2016 മുതൽ 19 വരെ ഇന്ത്യൻ എ ടീമിന്റെ മുഖ്യ പരിശീലകനും ദ്രാവിഡായിരുന്നു. ന്യൂസീലൻഡ് പര്യടനത്തിൽ സിറാജും സെയ്നിയും വിക്കറ്റുകൾ വാരിക്കൂട്ടുമ്പോഴും ഗിൽ റൺസടിച്ചു തകർത്തപ്പോഴും ഉപദേശങ്ങളുമായി ദ്രാവിഡ് ഡ്രസിങ് റൂമിലുണ്ടായിരുന്നു. സീനിയർ ടീമിൽ ഈ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിനു പിന്നിലെ ‘ദ്രാവിഡ് ടച്ചി’നെ അഭിനന്ദിച്ച് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.