കോഴിക്കോട് :കേരളത്തിൽ റിസർവേഷൻ ഇല്ലാത്ത ട്രെയിൻ – മെമു – പാസഞ്ചർ – പകൽ തീവണ്ടി സർവീസുകൾ ആരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകണം-കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ.ഫെബ്രുവരി 18 മുതൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,തൃശ്ശൂർ, ഒറ്റപ്പാലം,പാലക്കാട് സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുന്ന ഐആർസീടിസി മധ്യപ്രദേശ്, ഉത്തർപ്രദേശ് ഭാരത ദർശൻ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ബാറുകളും, തീയറ്ററുകളും ഉൾപ്പെടെ എല്ലാ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. കേരളത്തിനകത്ത് ട്രെയിൻ യാത്ര ആരംഭിക്കാത്തതിനാൽ സ്വകാര്യ – കെഎസ്ആർടിസി- ടാക്സി – ഓട്ടോകളിൽ യാതൊരു കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യാൻ സാധാരണക്കാർ നിർബന്ധിതരാകുന്നു.എന്നിട്ടും മെമു – പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകാത്തത് യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്ന് കോൺഫെഡറേഷൻ കേരള റീജിയൻ ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം അഭിപ്രായപ്പെട്ടു.കോൺഫെഡറേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി.അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തീവണ്ടി യാത്രക്കാരുടെ ദുരിതം അവസാനി പ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര കമ്മിറ്റിയുടെ പരിപൂർണ്ണ പിന്തുണ അദ്ദേഹം അറിയിച്ചു. കേരള റീജിയൻ പ്രസിഡണ്ട് ഷെവലിയാർ സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ കൺവീനറും, DRUCC അംഗവുമായ എം.പി.അൻവർ മുഖ്യപ്രഭാഷണം നടത്തി. കൺവീനർമാരായ സൺഷൈൻ ഷോർണൂർ, പി.ഐ. അജയൻ, ജിയോ ജോബ് എറണാകുളം, കെ.മോഹൻകുമാർ തിരുവനന്തപുരം, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, എം.വി.കുഞ്ഞാമു, എം.വി.മാധവൻ, റിയാസ് നെരോത്ത്, എന്നിവർ പങ്കെടുത്തു.സിനിമ ശാലകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെ സമസ്ത മേഖലകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ആരംഭിക്കാൻ നടപടി എടുക്കാത്തത് തീവണ്ടിയാത്രയെ ആശ്രയിക്കുന്ന ഭൂരിഭാഗത്തെ ദുരിതത്തിലാക്കുന്നു. ബസ് യാത്രയെക്കാൾ എത്രയോ ആദായകരവും, സമയലാഭവും, സുരക്ഷിതവും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് സൗകര്യപ്രദമായ മെമു – പാസഞ്ചർ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ആരംഭിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി റെയിൽവേ നോഡൽ ഓഫീസർ കൂടിയായ ചീഫ് സെക്രട്ടറിക്ക് എത്രയും വേഗം നിർദ്ദേശം നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു. കെഎസ്ആർടിസി യുടെ നഷ്ടം നികത്താൻ ആണോ മറ്റു സംസ്ഥാനങ്ങൾ എല്ലാം അനുമതി നൽകിയിട്ടും കേരളത്തിൽ മാത്രം ഹ്രസ്വ ദൂര തീവണ്ടികൾക്ക് അനുമതി നൽകാത്തതെന്ന് സ്ഥിരം തീവണ്ടി യാത്രക്കാർ സംശയിക്കുന്നു. പാസഞ്ചർ ട്രെയിനുകൾ ഇല്ലാത്തതിനാൽഅമിത യാത്ര ചിലവുമൂലവും ജോലിക്ക് സമയത്തിന് എത്താൻ സാധിക്കാത്തതിനാലും പല സർക്കാർ – അർദ്ധസർക്കാർ – സ്വകാര്യ ജീവനക്കാർ വീട്ടിൽ നിന്നു മാറി കുറഞ്ഞ നിരക്കിൽ ലോഡ്ജുകളിലും, പലരും ഒരുമിച്ച് വീടെടുത്ത് ജോലി സ്ഥലത്ത് താമസിക്കാനും നിർബന്ധിതരാവുന്നു.കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കോൺ ഫെഡറേഷൻ ഒരു പ്രത്യക്ഷ സമരത്തിന് തയ്യാറാവാത്തത്. അത് ഒരു ബലഹീനതയായി ബന്ധപ്പെട്ട അധികാരികൾ കണക്കാക്കരുത് എന്ന് അവർ ചൂണ്ടിക്കാട്ടി. ഇനിയും അനുമതി നൽകാൻ വൈകുക യാണെങ്കിൽ യാത്രക്കാരെയും, ഇതര സംഘടനകളെയും പങ്കെടുപ്പിച്ച് കോൺഫെഡറേഷൻ പ്രത്യക്ഷ സമരത്തിന് നിർബന്ധിതരാവും.കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ താഴ്ന്ന വരുമാനക്കാർക്കും ,ദിവസേന ജോലിക്ക് പോകുവാൻ ട്രെയിനിനെ ആശ്രയിക്കുന്നവർക്കും, വിദ്യാർഥികൾക്കും, രോഗികൾക്കും, സീസൺ ടിക്കറ്റ്കാർക്കും വലിയൊരു ആശ്വാസം ഇതുവഴി ലഭിക്കും.യോഗത്തിൽ സി.വി. ജോസി സ്വാഗതവും, സി. സി. മനോജ് നന്ദിയും രേഖപ്പെടുത്തി.