ഡൽഹി: കാസർകോട് പെരിയ കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസർക്കാരിന്‍റെ വാദം. സുപ്രീംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ കുടുംബം സ്വാഗതം ചെയ്തു.ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കേസ് സിബിഐയ്ക്ക് കൈമാറിയതുകൊണ്ട് പൊലീസിന്‍റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സിബിഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ നൽകിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്.