ന്യൂഡൽഹി: തപാൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്നറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ സമീപിച്ചു.അടുത്ത വർഷം അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനായി എൻആർഐ വോട്ടർമാർക്ക് ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) നീട്ടാൻ സാങ്കേതികമായും ഭരണപരമായും തയ്യാറാണെന്ന് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചു.നിലവിൽ പ്രവാസികൾക്ക് അതത് മണ്ഡലങ്ങളിൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. ഏകദേശം 1 കോടി ഇന്ത്യക്കാർ വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അതിൽ 60 ലക്ഷം പേർ യോഗ്യതയുള്ള വോട്ടിംഗ് പ്രായമുള്ളവരാണെന്നും കണക്കാക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ പ്രത്യേകിച്ചും കേരളം ,പഞ്ചാബ്, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കഴിയും.വിവിധ രാജ്യങ്ങളിലെ നയതന്ത്ര കോൺസുലർ പ്രതിനിധികൾ നിയോഗിച്ച ഒരു ഉദ്യോഗസ്ഥന്റ സാക്ഷ്യപ്പെടുത്തലോടു കൂടിയ സംവിധാനമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. വിദേശ വോട്ടർമാർക്ക് ഈ സൗകര്യം ലഭിക്കുന്നതിന്, സർക്കാർ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടതുണ്ട്,എന്നാൽ മാത്രമെ തപാൽ ബാലറ്റിലൂടെ വോട്ടുചെയ്യാൻ സാധിക്കുകയുള്ളൂ. വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഈ വിഷയത്തിലുള്ള തീരുമാനത്തിനായി പ്രവാസികൾ കാത്തിരിക്കുകയാണ്