കോട്ടയം: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ വിദ്യയ്ക്കെതിരേ കെ.എസ്.യു. ഗവർണർക്കും ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇടത് അദ്ധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടേയും പങ്കും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.യു.വിന്റെ സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യറാണ് പരാതി നൽകിയിരിക്കുന്നത്. മഹാരാജാസിലെ പൂർവവിദ്യാർഥികൂടിയായ വിദ്യ ഇവിടെത്തന്നെ രണ്ടുവർഷം ഗസ്റ്റ് ലക്ചററായി പഠിപ്പിച്ചി രുന്നുവെന്ന സർട്ടിഫിക്കറ്റാണ് സൃഷ്ടിച്ചത്. 2020 മേയ് മുതൽ 2021 മാർച്ച്വരെ മഹാരാജാസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായി രുന്നുവെന്നാണ് വ്യാജസർട്ടിഫിക്കറ്റിൽ ഉള്ളത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി മഹാരാജാസ് കോളജിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ പാലക്കാട്ട് സർക്കാർ കോളജിലും കാസർഗോഡ് കരിന്തളം സർക്കാർ കോളജിലും ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. 2022 ജൂൺ മുതൽ കഴിഞ്ഞ മാർച്ച് വരെയാണ് കരിന്തളം കോളജിൽ ജോലി ചെയ്തത്.