ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയുമാണ് വര്‍ദ്ധിച്ചത്. പുതിയ നിരക്ക് അർദ്ധരാത്രി മുതൽ പ്രാബല്യത്തില്‍ വന്നു.
ഈ ആഴ്ച മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു. ഇതിനു മുൻപ് 137 ദിവസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു.
എല്ലാ ദിവസവും വില പുതുക്കി നിശ്ചയി ക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഇന്ധന വില കുത്തനെ ഉയരുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇന്ധന വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറി നരികെയായിരുന്നുവെങ്കിൽ ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ടുതന്നെ വില പതുക്കെ കൂടാനാണ് സാധ്യത. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.01 രൂപയായി. ഡീസലിന്റെ നിരക്ക് 86.67 ആയി ഉയർന്നിട്ടുണ്ട്. മുംബൈയിൽ പെട്രോളിന് 111.67 രൂപയും ഡീസലിന് 95 .85 രൂപയു മായിട്ടുണ്ട്.