തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക യാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ലൈനിന്റെ കാര്യത്തിലും ഒത്തു തീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രതികരണത്തില്‍ പുതിയതായി ഒന്നുമില്ല. സില്‍വര്‍ലൈന്‍ വന്ന കാലത്തുള്ള അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും അഞ്ച് പൈസ തരില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയ കടലാസുകളാണ് മുഖ്യമന്ത്രി വായിക്കുന്നത്. പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയിലും നിയമസഭയിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പാരിസ്ഥിതി ലോലമായ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഡി.പി.ആര്‍ അബദ്ധ പഞ്ചാംഗമാണ്. കെ- റെയില്‍ തുടങ്ങാനോ സ്ഥലം ഏറ്റെടുക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് പരിസ്ഥിതി ആഘാത പഠനത്തിന് കല്ലിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് വി ഡി സതീശൻ അറിയിച്ചു.