പട്‌ന: മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി ) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി ) ലയിച്ചു. ഡല്‍ഹിയില്‍ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ലയന ചടങ്ങ്. ലയനം ഐക്യ പ്രതിപക്ഷ രൂപീകരണത്തിലേക്കുളള ആദ്യ ചുവടു വയ്പ്പാണെന്ന് ശരദ് യാദവ് പറഞ്ഞു.
എല്‍ജെഡിയെ ആര്‍ജെഡിയില്‍ ലയിപ്പിക്കുന്നത് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിനുളള ആദ്യപടിയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ മുഴുവന്‍ പ്രതിപക്ഷവും ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇപ്പോള്‍ ഏകീകര ണമാണ് ഞങ്ങളുടെ മുന്‍ഗണന. സംയുക്ത പ്രതിപക്ഷത്തെ ആര് നയിക്കുമെന്നത് പിന്നീട് തീരുമാനിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരദ് യാദവിനു ആര്‍ജെഡി രാജ്യസഭാംഗത്വം നല്‍കി യേക്കുമെന്നാണു സൂചന.അതേ സമയം എം.വി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുളള കേരള ഘടകം ലയനത്തെ അനുകൂലിച്ചിട്ടില്ല. കേരള ഘടകവുമായി ചര്‍ച്ച നടത്തുമെന്ന് ശരദ് യാദവ് പറഞ്ഞു. പാര്‍ട്ടിയിലെ ഐക്യം നഷ്ടമായിട്ടില്ലെന്നും കേരള ഘടകം പിരിച്ചു വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുതിര്‍ന്ന നേതാവ് ജാവേദ് റജയും പ്രതികരിച്ചു.