ദുബായ്: എക്സ്പോ അവസാന ഘട്ടത്തിലാണ്. ഇതുവരെ കോടി കണക്കിന് പേരാണ് എക്സപോ സന്ദർശിച്ചിട്ടുള്ളത്. എക്സ്പോയുടെ അവസാന ദിവസങ്ങൾ എത്തിയതോടെ വലിയ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. അവസാന ആഴ്ചയിൽ മാത്രം ഒരു ദശലക്ഷത്തിലേറെപ്പേരാണ് എത്തിയത്.
ഇതുവരെ ആകെ എക്സ്പോയിൽ എത്തിയത് ഒരു കോടി പത്ത് ലക്ഷം പേരാണ്. കുട്ടികളും കൗമാരക്കാരുമായി 27 ലക്ഷത്തിൽ അധികം പേർ എക്സ്പോ സന്ദർശിച്ചു. എക്സ്പോ അവസാനിക്കുന്നതോടെ രണ്ടര കോടി പേർ എക്സ്പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷ യെന്ന് എക്സ്പോ ദുബായ് സീനിയർ വൈസ് പ്രസിഡന്റ് സ്കൊനൈദ് മഗീയൻ പറഞ്ഞു. മാർച്ച് 31 ആണ് എക്സ്പോ സമാപിക്കുന്നത്. സമാപന ദിവസത്തില്‍ അൽവാസൽ പ്ലാസയിൽ നടക്കുന്ന പരിപാടികളിൽ കുട്ടികളായിരിക്കും വിശിഷ്ടാതിഥികൾ. അന്താരാഷ്ട്ര തലത്തിലുള്ള കലാകാരന്മാർ അണിനിരക്കന്ന വലിയ പരിപാടികളാകും ഉണ്ടാവുക. ജലക്ഷാമം, ജലപദ്ധതികൾ എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ഉദ്ദേശിച്ച് ജലവാരമായിട്ടാണ് അവസാന അഴ്ചയിലെ പരിപാടികൾ സംഘടിപ്പിക്കുക.
എക്സ്പോയില്‍ സന്ദര്‍ശകരുടെ പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമായിരിക്കുകയാണ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയ നുകളിൽ ഒന്നായ ഇന്ത്യൻ പവലിയൻ. എക്സ്പോ തുടങ്ങി ഇതുവരെ 14ലക്ഷം പേർ പവലിയൻ സന്ദർശിച്ചിട്ടുണ്ട്. ഓരോ വാരവും വൈവിധ്യപൂർണായ പരിപാടികളാണ് ഇന്ത്യൻ പവലിയനിൽ ഒരുക്കന്നത്. ഇന്ത്യയുടെ നാനാത്വം വിളിച്ചോതുന്നതും പാരമ്പര്യവും പൈതൃകവും കോർത്തിണക്കുന്നതുമാണ് പവലിയൻ.
ഒന്നാം നിലയിൽ യോഗയുടെയും ഇന്ത്യൻ പാരമ്പര്യത്തിന്‍റെയും തലപ്പൊക്കം പവലിയനില്‍ കാണാനാകും. ഇന്ത്യയിൽ ഉള്ള നിക്ഷേപ സാധ്യതകളും ശാസ്ത്ര-ബഹിരാകാശ മേഖലയിലെ നേട്ടങ്ങളും പ്രദർശിപ്പിക്കുന്നു. ഊർജ്ജ മേഖലയിലെ സാധ്യതകൾ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി, എന്നിവ മൂന്നാം നിലയിലും കലാ സാംസ്കാരിക മേഖലയുടെ പ്രദർശനം രണ്ടാം നിലയിലുമാണ് തയ്യാറാക്കിയിരിക്കുന്നത്. ആകെ നാല് നിലകളിലാണ് ഇന്ത്യയുടെ പവലിയൻ.