ന്യൂഡൽഹി: റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്ന യുക്രെയ്നിൽനിന്ന് 60 ശതമാനം ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല. യുക്രെയ്നിൽനിന്ന് ഇതുവരെ 12,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.രക്ഷാ ദൗത്യത്തിന്‍റെ ഭാഗമായി മോസ്കോയിലെ ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തി യിലെത്തിയിട്ടുണ്ട്. ഖാർകീവിനടുത്തുള്ള യുക്രെയ്ൻ അതിർത്തിയിലാണ് സംഘ മെത്തിയത്. ഖാർകീവ്, സുമി മേഖലകളിൽ കുടുങ്ങികിടക്കുന്ന 4,000 ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖാർകീവിനു ചുറ്റുമുള്ള റഷ്യ സേനാവിന്യാസവും ആക്രമണവും തുടരുന്നതാണ് സംഘത്ത കുഴക്കുന്നത്.വ്യോമ സേന വിമാനങ്ങൾ ബുധനാഴ്ച മുതൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കും. ഇതിന്‍റെ ഭാഗമായി സി 17 വിമാനം ബുധനാഴ്ച റുമാനിയയിലേക്ക് പുറപ്പെടും. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനും യുദ്ധഭൂമിയിൽ ജീവകാരുണ്യ സഹായം ലഭ്യമാക്കാനുമാണ് വ്യോമ സേന വിമാനങ്ങൾ ഉപയോഗിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.