ന്യൂഡൽഹി: മുൻ നിയമമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടു.രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചക്കൊടുവിലാണ് തീരുമാനം.46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെന്നും ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും ബി.ജെ.പിയിൽ ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപമാനിച്ച് ഇറക്കിവിട്ടത് ദഹിക്കാത്ത കാര്യമാണെന്ന് അശ്വിനികുമാർ വിശദീകരിച്ചു. അദ്ദേഹത്തെ അവമതിച്ചതിൽ തനിക്ക് എതിർപ്പുണ്ട്; അത് അപലപിക്കുന്നു. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നേതൃത്വത്തെയാണ് പഞ്ചാബിൽ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിയെ ജാതി അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാവില്ല.പ്രധാനമന്ത്രിയോട് ജനങ്ങൾക്ക് അതൃപ്തിയാണെങ്കിൽ എന്തു കൊണ്ട് കോൺഗ്രസിന് ജനം വോട്ടുചെയ്യുന്നില്ല എന്ന ചോദ്യം അടിക്കടി ഉയരുന്നുണ്ട്. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന നേതാവ് ജനത്തിന് സ്വീകാര്യമല്ലാത്തതാണ് കാരണം. അക്കാര്യമാകട്ടെ, പാർട്ടിയിൽ ചർച്ച ചെയ്യാവു ന്നതിന് അപ്പുറത്തെ വിഷയമാണ്. ഈ ചിന്ത കോൺഗ്രസിൽ പലർക്കുമുണ്ട്. തഴയപ്പെട്ട വികാരം പലർക്കുമുണ്ട്.പഞ്ചാബിൽ താര പ്രചാരകനായി ഉൾപ്പെടുത്താത്തതിലെ രോഷമാണ് കോൺഗ്രസ് വിടാൻ കാരണമെന്ന പ്രചാരണങ്ങൾ അദ്ദേഹം നിഷേധിച്ചു. ആരാണ് താരപ്രചാരകർ? രാഹുലിനെയും പ്രിയങ്കയേ യുമല്ലാതെ ആരെയെങ്കിലും കാണാനുണ്ടോ? -അശ്വിനികുമാർ ചോദിച്ചു. ഭഗവന്ത് സിങ് മാൻ മുഖ്യമന്ത്രിയായി പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.69കാരനായ അശ്വിനികുമാർ ഡൽഹി സ്വദേശിയാണെങ്കിലും രാജ്യ സഭാംഗ മായത് പഞ്ചാബ് വഴിയാണ്. യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും നെഹ്റു കുടുംബത്തിന്റെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് അശ്വിനി കുമാർ അറിയപ്പെട്ടിരുന്നത്.