കൊച്ചി രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളം

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

നെടുമ്പാശ്ശേരി: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 2021 ഡിസംബറിലും കൊച്ചിക്ക്​​ (സിയാൽ) മൂന്നാം സ്ഥാനം. കോവിഡ്കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളും സർവിസ്​ വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും സിയാലിനെ തുണച്ചു. ഇതോടെ 2021 മുഴുവനും കൊച്ചിക്ക്​ മൂന്നാം സ്ഥാനം നിലനിർത്താനായി.എയർപോർട്ട് അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ഡിസംബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഡൽഹിക്കാണ്; 8,42,582 യാത്രക്കാർ. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഡിസംബറിൽ 3,01,338 രാജ്യാന്തര യാത്രക്കാരാണ് കൊച്ചി വഴി കടന്നുപോയത്. നാലാം സ്ഥാനം ചെന്നൈക്കാണ്; 2,46,387 പേർ.
2021ൽ ​കൊച്ചിയിലൂടെ മൊത്തം 43,06,661 പേർ കടന്നുപോയി. മുൻവർഷത്തെ അപേക്ഷിച്ച് 10 ലക്ഷം യാത്രക്കാരുടെ വർധന. ഇതിൽ 18,69,690 പേർ രാജ്യാന്തര യാത്രക്കാരാണ്. കോവിഡ്സമയത്ത് സുരക്ഷിത യാത്രയൊരുക്കാൻ സിയാൽ മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ വിജയമാണ് സുസ്ഥിരമായ ട്രാഫിക് വളർച്ചയുണ്ടാക്കാൻ സഹായകമായതെന്ന് മാനേജ്മെന്റ് അധികൃതർ പറഞ്ഞു.ഡിസംബറിൽ ഇന്ത്യൻ വിമാനത്താവളങ്ങൾ 2.512 കോടി യാത്ര ക്കാർക്ക് സേവനമൊരുക്കി. നവംബർ 2.32 കോടി, ഒക്ടോബർ 1.96 കോടി, സെപ്റ്റംബർ 1.42 കോടി എന്നിങ്ങനെയാണ് മുൻ മാസങ്ങളിലെ കണക്ക്. ഡിസംബറിൽ പൊതുവെ യാത്രക്കാരുടെ വർധന രേഖപ്പെടു ത്തിയെങ്കിലും മാസാവസാനത്തോടെ ഒമിക്രോൺ ആശങ്കയെത്തുടർന്ന് കുറവ് നേരിട്ടുതുടങ്ങി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ