ജെയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായി എല്ലാ മന്ത്രിമാരും രാജിവെച്ചു. ഞായറാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കും. ഉച്ചക്ക് രണ്ടിന് സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ പുതിയ മന്ത്രിമാരെ തീരുമാനിക്കും. വൈകീട്ട് നാലിന് സത്യപ്രതിജ്ഞ നടക്കും.നേരത്തെ ഗെഹ് ലോട്ടിന്‍റെ അടുപ്പ ക്കാരായ മൂന്ന് മന്ത്രിമാർ രാജിവെച്ചിരുന്നു. വന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കല്‍ ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് രാജി സമര്‍പ്പിച്ചത്. സച്ചിൻ പൈലറ്റും മുതർന്ന നേതാക്കളും തമ്മിൽ ഡൽഹിയിൽ നടന്ന നിരവധി ചർച്ചകൾക്കുശേഷമാണ് രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനക്ക് കളമൊരുങ്ങുന്നത്.
സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ഗെഹ് ലോ ട്ടും ചർച്ച നടത്തിയിരുന്നു. ഗെഹ് ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റ് അനുഭാവികളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുന:സംഘടന നടത്താമെന്ന് സമ്മതി ക്കുകയായിരുന്നു. ആറു സച്ചിൻ അനുഭാവികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.
കൂടാതെ, സച്ചിന് രാജസ്ഥാന് പുറത്ത് പാർട്ടിയുടെ പ്രധാന ചുമതല നൽകുമെന്നും സൂചനകളുണ്ട്. നിലവിൽ 21 പേരാണ് മന്ത്രിസഭയിലുള്ളത്. ഒമ്പത് ഒഴിവുകളുണ്ട്.