കോഴിക്കോട്:കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ ‘സർക്കസ് പഠിക്കണോ’ എന്ന ചോദ്യമുന്നയിക്കുകയാണ് പ്രവാസികൾ അടക്കമുള്ള യാത്രക്കാർ. കാരണം മറ്റൊന്നുമല്ല. അവിടെ സൗജന്യമായി യാത്ര ക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന് മിനിറ്റ് ആണ്. അതുകഴിഞ്ഞാൽ ജി.എസ്.ടി അടക്കം 500 രൂപയാണ് പിഴ ഈടാക്കുന്നത്. എൻട്രി ഗേറ്റിൽ നിന്ന് പാസും വാങ്ങി ഡ്രോപിങ്/പിക്കിങ് പോയിന്‍റിലെത്താൻ തന്നെ മൂന്ന് മിനിറ്റിലധികം എടുക്കും.ഇനി അതൊഴിവാക്കിയാൽ തന്നെ മൂന്ന് മിനിറ്റ് കൊണ്ട് വരുന്നവർക്ക് വണ്ടിയിൽ കയറണം, പോകുന്നവർക്ക് വണ്ടിയിൽ നിന്നിറങ്ങണം. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ലഗേജ് കയറ്റുകയും ഇറക്കുകയും വേണം. ഇതിനൊക്കെ സർക്കസുകാരെ പോലെ അസാമാന്യ മെയ്വഴക്കം വേണമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. അല്ലെങ്കിൽ ഓടുന്ന വണ്ടിയിൽ ചാടിക്കയറുകയോ അതിൽനിന്ന് ചാടിയിറങ്ങുകയോ വേണം. ഇത് അപകടവും നിയമവിരുദ്ധവുമല്ലേയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്കാരത്തിനെതിരെ ഇപ്പോൾ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജൂലൈ ഒന്നിന് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരമാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത് വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവള ങ്ങളിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായിട്ടായിരുന്നു കരിപ്പൂരിലെ നടപടി. ഇതനുസരിച്ച് പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും ഉണ്ടായിരുന്ന ടോൾ ബൂത്തുകൾ ഒഴിവാക്കി. ഇതിനുപകരം സ്വകാര്യ വാഹനങ്ങൾക്ക് ടെർമിനലിന് മുന്നിൽ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നാണ് പറയുന്നത്.പക്ഷേ, ഇതിന് അനുവദിച്ചിരിക്കുന്ന സമയം പരമാവധി മൂന്ന് മിനിറ്റാണ്. മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ ജി.എസ്.ടിയടക്കം 500 രൂപയാണ് യാത്രക്കാരിൽ നിന്ന് പിഴയായി ഇൗടാക്കുന്നത്. ഇൗ സമയപരിധിക്കുള്ളിൽ യാത്രക്കാരെയും ലഗേജും കയറ്റാനോ ഇറക്കാനോ സാധിക്കാറില്ല. ഇതുമൂലം മൂന്ന് മിനിറ്റിന് ശേഷം കരാര്‍ കമ്പനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ സംഘർഷത്തിനുമിടയാക്കുന്നു.പിക്കപ്പ് ആൻഡ് ഡ്രോപ്പിനായി കൂടുതൽ സമയം അനുവദിക്കണ മെന്ന ആവശ്യം ശക്തമായിരക്കുകയാണ്. നേരത്തെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 15 മിനിറ്റ് ആയിരുന്നു സൗജന്യ പാര്‍ക്കിങ്. ശേഷം 85 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനിറ്റായി ഉയര്‍ത്തുകയും ഫീസ് 20 രൂപയായി കുറക്കുകയും ചെയ്തിട്ടു ണ്ടെന്നാണ് അതോറിറ്റിയുടെ വിശദീകരണം. മറ്റ് വിമാനത്താവളങ്ങളിൽ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.നെടുമ്പാ ശ്ശേരി വിമാനത്താവളത്തിൽ ആദ്യ 10 മിനിറ്റ് വരെ പാർക്കിങ് സൗജന്യമാണ്. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യത്തെ 15 മിനിറ്റ് പാർക്കിങ് സൗജന്യമാണ്. യു.എ.ഇയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പി.സി.ആർ പരിശോധന നടത്തുന്നതിന് കേരളത്തിലെ വിമാനത്താവളങ്ങളിൽ 2,490 രൂപ ഈടാക്കുന്നതിലുള്ള പ്രതിഷേധം പ്രവാസികൾ ശക്തമാക്കുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഗൾഫ് യാത്രക്കാർക്കടക്കം ഇരുട്ടടിയാകുന്നത്.