റിയാദ്: കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും പ്രവാസികളുടെ പരാതികൾക്ക് വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ എൻ.ആർ.ഇ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു ഗൾഫ് മലയാളി ഫെഡറേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രവാസികളുടെ കുടുംബങ്ങളിൽ ഉണ്ടാകുന്ന കേസുകൾക്കും മറ്റു പരാതികൾക്കും വേഗത്തിൽ തീർപ്പ് കല്പിക്കുവാൻ ഓരോ പോലീസ് സ്റ്റേഷനിലും സബ് ഇൻസ്‌പെക്ടറുടെ കീഴിൽ ഹെല്പ് ഡെസ്ക് വേണം എന്ന താണ് ആവശ്യം. നിരവധി പ്രവാസി കേസുകളാണ് തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത്. ഇതുകാരണം നിരവധി പ്രവാസികളുടെ യാത്രകൾക്ക് വിമാനത്താവളത്തിൽ പ്രയാസം നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള പ്രവാസികളുടെ പൂർണ്ണ വിവരങ്ങളും വിദേശത്തു വെച്ച് മരണപെടുന്നവരുടെ വിവരങ്ങളും രേഖപെടുത്തണമെന്നും പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടതായും ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.