കുവൈറ്റ് : കൊമേഴ്സ്യൽ വിമാന സർവീസ് നിർത്തിവെച്ച സാഹചര്യത്തിൽ ദുബൈയിൽനിന്ന് കുവൈറ്റിലേക്ക് പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തിയത് കുവൈത്തികൾക്കും അവരുടെ ഗാർഹികത്തൊഴിലാളികൾക്കും ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ബന്ധുക്കൾക്കും മാത്രമെന്ന് റിപ്പോർട്ടുകൾ. യു.എ.ഇ, തുർക്കി തുടങ്ങി ഇടത്താവളങ്ങളിൽ ക്വാറൻറീനിലുള്ള മറ്റു കുവൈറ്റ് പ്രവാസികളുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. മാനുഷികതക്ക് ഏറെ പ്രാധാന്യം കൽപിക്കുന്ന കുവൈറ്റ് ഇവരുടെ കാര്യത്തിലും ഇളവ് നൽകുമെന്ന പ്രതീക്ഷയാണുള്ളത്. നേരത്തെ കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം പ്രയാസപ്പെടുന്നവർക്കായി വിസ സ്വാഭാവികമായി പുതുക്കപ്പെടുന്നത് ഉൾപ്പെടെ ഒട്ടേറെ നടപടികൾ കുവൈറ്റ് സ്വീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11 മുതൽ ജനുവരി ഒന്ന് വെള്ളിയാഴ്ച വരെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യ വിമാന സർവീസ് നിർത്തിവെച്ചത്. പെട്ടെന്നുണ്ടായ തീരുമാനത്തിൽ നിരവധി പേരാണ് പ്രയാസത്തിലായത്.