തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗം. യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് ഇടത് മുന്നണി വ്യക്തമായ മേല്‍ക്കൈ നേടി. 914 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. 374ഇടത്ത് യുഡിഎഫ് ജയിച്ചപ്പോള്‍ ബിജെപി 24ല്‍ ഒതുങ്ങി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതറി നിന്ന സര്‍ക്കാരിന് വലിയ ആശ്വാസമാണ് തെരഞ്ഞെടുപ്പിലെ വന്‍ വിജയം. 152 ബ്ലോക്കു പഞ്ചായത്തുകളില്‍ യുഡിഎഫിനെ അന്‍പത് കടക്കാനനുവദിക്കാതെ തളച്ച ഇടതുപക്ഷം, 106 ഇടത്ത് വിജയിച്ചു.പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നും ഇടതുപക്ഷത്തിനൊപ്പം നിന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ എല്‍ഡിഎഫ് വിജയിച്ചു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളില്‍ യുഡിഎഫ് വിജയിച്ചു. മുന്‍സിപ്പാലിറ്റികളില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. 45ഇടത്ത് യുഡിഎഫ് മുന്നിലെത്തി. 35ഇടത്ത് എല്‍ഡിഎഫും. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ എന്‍ഡിഎ ജയിച്ചു. കോര്‍പ്പറേഷനുകളിലും വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഇടത് മുന്നണി ഭരണമുറപ്പിച്ചു. ഇത് മൂന്നും തുടര്‍ഭരണമാണ്. ബിജെപിയുമായി ബലാബലം നിന്ന തിരുവനന്തപുരത്ത് 52 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. എന്‍ഡിഎ 35 സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് പത്തിലൊതുങ്ങി. കൊല്ലം കോര്‍പ്പറേഷനില്‍ 39 സീറ്റുകളില്‍ മുന്നിലെത്തിയ എല്‍ഡിഎഫ് യുഡിഎഫിനെ 9ല്‍ ഒതുക്കി. ആറ് സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്. കൊച്ചി കോര്‍പ്പറേഷനില്‍ 34 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. 31ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും.കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 48 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് 14ല്‍ ഒതുങ്ങി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മാത്രമാണ് യുഡിഎഫിന് ആശ്വാസം. 34സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇവിടെ എല്‍ഡിഎഫ് 19 സീറ്റിലൊതുങ്ങി. ബിജെപി ഒര് സീറ്റ് നേടി.യുഡിഎഫിന്റെ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളില്‍ ഉള്‍പ്പെട കനത്ത വിജയമാണ് ഇടത് മുന്നണി നേടിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പുതുപ്പള്ളി പഞ്ചായത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷം വിജയക്കൊടി നാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടി അങ്കത്തിനിറങ്ങിയ ഇടതുമുന്നണിക്ക് പിഴച്ചില്ല. പാലാ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ പിടിച്ചെടുത്ത് വന്‍ മുന്നേറ്റം സാധ്യമാക്കാന്‍ ജോസിന്റെ വരവുകൊണ്ട് കഴിഞ്ഞു. ഭേദപ്പെട്ട പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി, പന്തളം നഗരസഭകൂടി എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു.