കോഴിക്കോട് : കോവിഡ് 19 പ്രതിസന്ധിമൂലം എല്ലാ വിഭാഗങ്ങളും പ്രതിസന്ധിയും സാമ്പത്തിക ഞരുക്കവും നേരിടുന്ന സാഹചര്യത്തിൽ ജീവിതരീതിയിലും, യാത്ര സംവിധാനത്തിലും,ചിലവു കുറയുന്ന ശൈലിയും, രീതിയും അനിവാര്യമായിയിക്കുന്നു. ഈ സാഹചര്യത്തിൽ ഹ്രസ്വദൂര യാത്രയ്ക്ക് സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഓൾ കേരള ബൈസിക്കിലിങ് പ്രമോഷൻ കൗൺസിൽചെയർമാൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി, വൈസ് ചെയർമാൻമാരായ എം.വി.കുഞ്ഞാമു, സി.എൻ.രാധാകൃഷ്ണൻ, ജനറൽ കൺവീനർ ജിയോ ജോബ് എറണാകുളം, കൺവീനർ പി ഐ അജയൻ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ചിലവ് കുറഞ്ഞതും, ശബ്ദ – വായു മലിനീകരണമില്ലാത്തതും, ആരോഗ്യത്തിന് ഗുണകരവും ആയ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് സൈക്കിളിന്റെ തീരുവയും ജിഎസ്ടിയും ഒഴിവാക്കുക, സൈക്കിൾ പാതകൾ നിർമ്മിക്കുക, സൈക്കിൾ യാത്രികർക്ക് റോഡിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കോളേജ് സ്കൂൾതലത്തിൽ ബോധവൽക്കരണം നടത്തുക, പൊതുസ്ഥലങ്ങളിൽ ( റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, തുടങ്ങിയ പൊതുസ്ഥലങ്ങളിൽ) സൈക്കിൾ ബൂത്തുകൾ ഏർപ്പെടുത്തുക എന്നീ കാര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണം.അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ആന്ധ്ര ഉൾപ്പെടെ സ്കൂൾതലത്തിൽ സൗജന്യമായി സൈക്കിളുകൾ വിതരണം നടത്തിയും, ഭാരതത്തിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിർമ്മാണശാലകൾ സ്ഥാപിച്ചും, നികുതി ഇളവ് നൽകിയും ചുരുങ്ങിയ വിലയ്ക്ക് സൈക്കിളുകൾ ലഭ്യമാക്കുന്നു.അസോസിയേഷൻ ഭാരവാഹികൾ USA, യൂറോപ്പ്, ചൈന ,UAE, ശ്രീലങ്ക, മറ്റു വിദേശ രാജ്യങ്ങളിലും നടത്തിയ പഠനയാത്രകളിൽ അവിടുത്തെ ഉന്നത ഭരണാധികാരികളും, ലണ്ടനിലെ മേയർ, ചലച്ചിത്രതാരങ്ങൾ, ബാങ്ക് ഡയറക്ടർമാർ( അവരുടെ കേരവാനിലും, വാഹനങ്ങൾക്ക് മുകളിലും സൈക്കിളുകൾ ഒപ്പം കൊണ്ടു നടക്കുന്നു) തുടങ്ങിയവരും, അതാതു രാജ്യങ്ങളിലെ സമ്പന്നരും, ഓഫീസ് പോക്കുവരവിനും, മറ്റു യാത്രകൾക്കും വരെ സൈക്കിൾ യാത്ര നടത്തുന്നതാണ് കണ്ടും കേട്ടും ചോദിച്ചും മനസ്സിലാക്കിയത്. പ്രധാന റോഡുകളിലെല്ലാം പ്രത്യേക പാതയും, സൈക്കിൾ വില്പന റിപ്പയർ സ്ഥാപനങ്ങളും, സൈക്കിൾ സവാരിക്ക് മുന്തിയ പരിഗണനയും ആണ് നൽകിവരുന്നത്. ബക്കിങ് ഹാം കൊട്ടാരം ഉൾപ്പെടെ അതി സുരക്ഷയുള്ള സ്ഥലങ്ങളുടെ മുൻപിൽ വരെ സൈക്കിൾ പാർക്കിങ്ങിന് അനുമതിയും, വിശാലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.പ്രധാന പോയിന്റ്കളിൽ എല്ലാം സൈക്കിൾ സൗജന്യ യാത്രയ്ക്ക് ബൂത്തുകൾ വഴി സൈക്കിൾ ലഭ്യമാക്കുന്നു. അതേ മാതൃകയിൽ കേരളത്തിലും സൈക്കിൾ ഇറക്കുമതി ചെയ്തും അയൽസംസ്ഥാനങ്ങളിൽ നിർമ്മിച്ചും കുറഞ്ഞ വിലയ്ക്ക് സൈക്കിൾ വിതരണം നടത്തുവാൻ കൗൺസിൽ വിശദമായി തയ്യാറാക്കിയ പദ്ധതിയും പഠനറിപ്പോർട്ടും കേരള സർക്കാരിന് സമർപ്പിച്ചിരുന്നു.
കർണാടകയിലെ ദാവൻകരയിലെ സൈക്കിൾ നിർമാതാക്കളും പ്രമുഖ ഹീറോ സൈക്കിൾ നിർമാതാക്കളും കൗൺസിൽ വഴി കേരളത്തിൽ സൈക്കിൾ വിതരണത്തിന് സഹകരിക്കാമെന്ന് അറിയിച്ചെങ്കിലും സൈക്കിളിന്റെ നികുതി ഇളവു ചെയ്യില്ലെന്നാണ് രേഖാമൂലം അന്നത്തെ ധനമന്ത്രി അറിയിച്ചത്. തന്മൂലം ആ പദ്ധതി ഉപേക്ഷിക്കാൻ കൗൺസിൽ നിർബന്ധിതരായി. പ്രസ്തുത പദ്ധതിക്ക് മികച്ച പ്രസിദ്ധീകരണവും പ്രോത്സാഹനവും ദൃശ്യമാധ്യമങ്ങളിൽ നിന്നു ലഭിച്ചുവെങ്കിലും സർക്കാരിന്റെ നിസ്സംഗതയാണ് ആ പദ്ധതി നടക്കാതെ പോയത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആ പദ്ധതി നടപ്പാക്കുന്നതിന് ശ്രമിക്കാനും കൗൺസിലിന്റെ പ്രവർത്തനം ഊർജിതപ്പെടുത്താനും തീരുമാനിച്ചു.കോഴിക്കോട് ബീച്ചിൽ ഒരു സൈക്കിൾ പാത നിർമ്മിച്ചതു മാത്രമാണ് സർക്കാർ ഭാഗത്തുനിന്നുണ്ടായ ഏക നടപടി.അതേസമയം ചില യുവാക്കൾ സൈക്കിൾ ക്ലബ്ബുകൾ രൂപീകരിച്ച നല്ലരീതിയിൽ പ്രവർത്തനം ആരംഭിച്ചത് മാതൃകാപരമാണ്.