പുതിയ മദ്യനയം പാർട്ടി ഫണ്ടിന് വേണ്ടി; സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി മാത്രമെന്ന് പ്രതിപക്ഷ നേതാവ്

  •  
  •  
  •  
  •  
  •  
  •  
  •  

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.സി സതീശൻ പറഞ്ഞു. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടഞ്ഞു വെക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായം ഇട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടര്‍ഭരണം കിട്ടയതിന്റെ അഹങ്കാരത്തിലാണ് ഡിസ്റ്റിലറികളും ബ്രൂവറി കളും വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിമര്‍ശിച്ചയാളാണ് പിണറായി വിജയന്‍. കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് പാര്‍ട്ടി സെക്രട്ടറി യായിരുന്ന പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. മദ്യ വര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാന്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നുമാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. എല്‍.ഡി.എഫ് വന്നു, എല്ലാം ശരിയായി എന്ന അവസ്ഥയാണ് കേരളത്തില്‍. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി ആയപ്പോള്‍ മദ്യവര്‍ജന സമിതികളെയും മദ്യവിരുദ്ധ സമിതികളെയും ഒന്നിച്ച് നിര്‍ത്തി മദ്യത്തെ ചെറുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ളതാണോ മദ്യനയമെന്ന് പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളോട് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡിസ്റ്റിലറികളും ബ്രൂവറികളും ബാറുകളും അനുവദിക്കുന്നത് അഴിമതി നടത്തി പണമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്.
കേരളത്തില്‍ ആവശ്യത്തിന് ബാറുകള്‍ ഇല്ലെന്ന് പരാതിയില്ല. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളില്‍ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുടങ്ങാനുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടുള്ളതാണ്. അഴിമതി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളെ പ്രയാസപ്പെടു ത്തുന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ മത്സരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.ബസ് ചാര്‍ജ് വര്‍ദ്ധന നീതീകരിക്കാനാകില്ല. നേരത്തെ നിരക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ മിനിമം ചാര്‍ജ് അഞ്ച് കിലോമീറ്ററിനായിരുന്നു. ഇപ്പോള്‍ രണ്ടര കിലോമീറ്ററിനാണ് മിനിമം ചാര്‍ജ് പത്തു രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം ചാര്‍ജ് പത്ത് രൂപയാക്കിയപ്പോള്‍ ഫെയര്‍ സ്റ്റേജില്‍ അപാകതകളുണ്ടായിട്ടുണ്ട്. പഠിക്കാതെയാണ് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ