എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

  • 33
  •  
  •  
  •  
  •  
  •  
  •  
    33
    Shares

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷ ഉണ്ടാകുക. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ 10 വരെ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് മുപ്പതിനും ആരംഭിക്കും. 
4,27,407 വിദ്യാർഥികളാണ് ഇത്തവണ ആകെ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാർച്ച് 31 മുതൽ  ഏപ്രിൽ 29 വരെയാണ് പരീക്ഷ നടക്കുക. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ 10 വരെയും നടക്കും. 2962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.ഗൾഫ് മേഖലയിൽ ഒമ്പത് സെന്ററുകളിലായി 574 കുട്ടികളും, ലക്ഷദ്വീപിൽ ഒമ്പത് സെന്ററുകളിലായി 882 കുട്ടികളും പരീക്ഷ എഴുതും. ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് നടക്കുക. 4,32,436 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 2005 സെന്ററുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. വൊക്കേഷണൽ പരീക്ഷകളും മാർച്ച് 30 മുതല്‍ ഏപ്രിൽ 26 വരെ നടക്കും. ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഒന്നാം ക്ലാസിൽ ചേരാനുള്ള പ്രായം ഈ വർഷം അഞ്ച് വയസ്സായിരിക്കും. അടുത്ത വർഷം മാറ്റം വേണമോ എന്ന് ആലോചിക്കും. പ്രവേശന പരീക്ഷ നടത്തുന്നതിനോട് സർക്കാരിന് യോജിപ്പില്ല. എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ അമിത ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് പരീശോധിക്കുമെന്നും, അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന 46 ശതമാനം ഫയലുകളും അദാലത്തിലൂടെ പരിഹരിച്ചെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പരീക്ഷാ ഭവൻ, സെക്രട്ടറിയേറ്റിലെ  പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വെവ്വേറെ വിളിച്ചു ചേർത്താണ് ഓരോ വിഭാഗത്തിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടു ത്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനുകളിലെയും  ഫയലുകൾ തീർപ്പാക്കാൻ നിർദ്ദേശം നൽകി. മെയ്, ജൂൺ മാസങ്ങളിൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാഭവനിൽ ആകെ കെട്ടിക്കിടക്കുന്നത് 461 ഫയലുകളാണ്. ഇവ മെയ് അഞ്ചിന് അദാലത്ത് നടത്തി തീർപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫയലുകൾ പിടിച്ച് വയ്ക്കുന്നത് നിയമപരമല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ പേര്  പരസ്യപ്പെടു ത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ, ഔദ്യോഗികമായി മറ്റു ചുമതലകൾക്ക് പോയിട്ടുള്ള  ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഓഫീസിന് പുറത്ത് നോട്ടീസ് ബോർഡിൽ നൽകും. അനുബന്ധമായി ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, ആർ.ഡി.ഡി. ഓഫീസുകൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്‌ടേറ്റ് എന്നിവിടങ്ങളിലെ യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ