കിഴക്കമ്പലം: മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ദീപുവിനൊപ്പം പൊലിഞ്ഞത് കുടുംബത്തിന്റെ ഏക പ്രതീക്ഷ. രോഗികളായ മാതാപിതാക്കളുടെ ആശ്രയമായിരുന്ന ദീപു പെയിന്റിങ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പിതാവ് കുഞ്ഞാറു ഹൃദ്രോഗത്തെതുടര്‍ന്ന് ഒരുവര്‍ഷമായി തൊഴിൽരഹിതനാണ്.രോഗിയായ മാതാവും മറ്റുള്ളവരുടെ സഹായത്തോടെയാണ് നടക്കുന്നത്. ദീപു മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. അച്ഛന് ഹൃദ്രോഗിയായതിനാലാണ് മർദനമേറ്റകാര്യം വീട്ടില്‍ പറയാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച പുറത്തുപോകാതെ വീട്ടില്‍തന്നെ ഉണ്ടായിരുന്നു. ഇക്കുറി വാര്‍ഡില്‍ ട്വന്റി20 സ്ഥാനാർഥി വിജയിച്ചതോടെയാണ് ദീപു സജീവപ്രവര്‍ത്തകനായത്. വാര്‍ഡ് സെക്രട്ടറിയായതിനാല്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു.ദീപുവിന്റെ മരണ ത്തോടെ കുടുംബത്തിന്റെ ഏക പ്രതീക്ഷയും ഇപ്പോൾ നഷ്ടപ്പെട്ടു.