പാറ്റ്ന:തിങ്കളാഴ്ച രാവിലെയാണ് സംഭവം. മഹാത്മാഗാന്ധിയുടെ കര്‍മ്മ ഭൂമി എന്നറിയപ്പെടുന്ന ബീഹാറിലെ ചമ്പാരനിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഈ പ്രതിമ മോത്തിഹാരി ഗാന്ധി സ്മാരകത്തിന് സമീപമുള്ള ചര്‍ക്ക പാര്‍ക്കില്‍ അടുത്തിടെയാണ് സ്ഥാപിച്ചത്. പ്രതിമ തകർത്തതായി കണ്ട നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കു കയായിരുന്നു. വിവരം ലഭിച്ചയുടൻ അധികൃതര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.സംഭവം അറിഞ്ഞ ഉടന്‍ തന്നെ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുറ്റവാളികളെ വെറുതെ വിടില്ല എന്നും സൂചനകള്‍ ലഭിച്ച തായും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ചിലർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുണ്ട്, ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സ്ഥലം എസ്പി അറിയിച്ചു. സംഭവത്തില്‍ നാട്ടുകാർക്കിടയിൽ അമർഷമുണ്ട്. സംഭവ സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലും ജനങ്ങള്‍ ഈ അതൃപ്തി പ്രകടമാക്കി. പാർക്കിനെപ്പറ്റിയുള്ള ആശങ്ക മുന്‍പും ആളുകള്‍ അറിയിച്ചിരുന്നുവെങ്കിലും നടപടി കൈക്കൊണ്ടില്ല എന്നാണ് ആളുകള്‍ പറയുന്നത്.