ചെന്നൈ:രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് നിശ്ചയിച്ചിരുന്ന ദിവസത്തിന് ഏതാനും നാളുകള്‍ മാത്രം ബാക്കി നില്‍ക്കേ തമിഴ് സൂപ്പര്‍ താരം രജനികാന്തിന്‍റെ യു ടേണ്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള ശ്രമം താന്‍ ഉപേക്ഷിക്കുന്നതായും ആരോഗ്യ പ്രശ്നങ്ങളാണ് കാരണങ്ങളെന്നും രജനി നീണ്ട പ്രസ്താവനയിലൂടെ അറിയിച്ചു. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന സാഹചര്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് പൊതുജന സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ഡോക്റ്റര്‍മാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ത സമ്മര്‍ദത്തില്‍ വലിയ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച താരത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായാണ് ഹൈദരാബാദിലേക്ക് അദ്ദേഹം പോയത്. എന്നാല്‍, ഷൂട്ടിംഗ് സംഘത്തിലെ എട്ടോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷൂട്ടിംഗ് തടസപ്പെട്ടു. രജനിക്ക് 22ന് നടത്തിയ കോവിഡ് പരിശോധന നെഗറ്റിവ് ആയിരുന്നു. ഇതിന് പിന്നാലെയാണ് രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം നേരിട്ടത്. ചെന്നൈയില്‍ തിരിച്ചെത്തിയ ഉടനെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശന ശ്രമം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ആരാധകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരാകാന്‍ ഒരുങ്ങിയവര്‍ക്കും നല്‍കിയ വാക്കു പാലിക്കാന്‍ ആകാത്തതിനാല്‍ നിരാശനാണെന്നും ഷൂട്ടിംഗ് സെറ്റില്‍ പോലും നിരവധി സുരക്ഷ സ്വീകരിക്കേണ്ട സാഹചര്യത്തിലായ തനിക്ക് എങ്ങനെ ആയിരക്കണക്കിന് ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് രജനി ചോദിക്കുന്നത്.