വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് കലാഭവന്‍ സോബിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചിയിലെ സിബിഐ ഓഫീസില്‍ എത്താന്‍ ആണ് നിര്‍ദേശം. എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ തിങ്കളാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ചൊവ്വാഴ്ച രാവിലെ സിബിഐക്ക് മുന്നില്‍ ഹാജരാകാം എന്നും സോബി അറിയിച്ചു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സോബി ജോര്‍ജിന്റെ നുണ പരിശോധനയും നടന്നിരുന്നു. നുണ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയ സോബി 15 ദിവസത്തിനുള്ളില്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് ഉണ്ടാകുമെന്നും സിബിഐ അന്വേഷണം ശരിയായ വഴിയില്‍ ആണെന്നും പ്രതികരിച്ചിരുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും സോബി പറഞ്ഞിരുന്നു.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ജോര്‍ജ് ഉള്‍പ്പെടെ നാലുപേരുടെ നുണ പരിശോധനയാണ് സിബിഐ നടത്തിയിരുന്നത്. ബാലഭാസ്‌കറിന്റെമാനേജറായിരുന്ന പ്രകാശന്‍ തമ്പി സുഹൃത്ത് വിഷ്ണു ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരുടെ നുണ പരിശോധനകളാണ് കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നത്. ഇതിനായി ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെ സിബിഐ ഓഫീസില്‍ എത്തിയിരുന്നു.