ദുബായ്: ദുബായ് റോഡ് ആൻ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പബ്ലിക് ബസ്സ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന ഇസ്മയിൽ താഴേചന്തം കണ്ടിയിൽ (45), മകൾ അമൽ ഇസ്മയിൽ (18) ഷാർജ കോർണിഷ്കടലിൽ മുങ്ങിമരിച്ചു. നാട്ടിൽ നിന്നും വിസിറ്റ് വിസയിൽ വന്ന ഇസ്മയിലിൻ്റെ കുടുംബത്തോടൊപ്പം നല്ലൊരു സായാഹ്നം പങ്കിടുന്നതിനു വേണ്ടി ഷാർജ – അജ്മാൻ ബോർഡറിലുള്ള അൽ ഹീറ ബീച്ചിൽ എത്തിയതായിരുന്നു ഇസ്മയിലും കുടുംബവും. കൂടെ അദ്ദേഹത്തിൻ്റെ അനുജൻ്റെ കുടുംബവും. കടലിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളേയും നിരീക്ഷിച്ചു കൊണ്ട് കടൽത്തീരത്തെ മണലിൽ ഇരിക്കുകയായിരുന്നു ഇസ്മയിലും, ഭാര്യ സഫീറ ഇസ്മയിലും. ആഹ്ലാദങ്ങൾ തിരതല്ലിയ നിമിഷത്തിൽ പിന്നോക്കം വലിയുന്ന തിരമാലകളിൽ തൻ്റെ രണ്ട് കുട്ടികൾ വഴുതിപ്പോകുന്നത് കണ്ട് കട്ടിളെ രക്ഷിക്കാൻ ഇസ്മയിൽ ഓടിയെത്തി. ഇസ്മയിലും ഭാര്യയും മുത്തമകളായ അമലും ചേർന്ന് മറ്റു കുട്ടികളെയെല്ലാം രക്ഷപ്പെടുത്തുന്നതിനിടയിൽ നിലതെറ്റിപ്പോയ അമലിനെ രക്ഷിക്കാൻ ഇസ്മയിൽ വീണ്ടും കടലിലേക്ക് എടുത്തു ചാടി. എന്നാൽ വിധി അവരെ തിരമാലകൾക്കുള്ളിലേക്ക് വലിച്ചിഴച്ചു. വിവരം ലഭിച്ച് വളരെ പെട്ടന്ന് തന്നെ ഷാർജ പോലീസും റസ്ക്യൂ ടീമും വന്നെത്തുകയും തുടർന്ന് നടന്ന തിരച്ചിലിനിടയിൽ അരമണിക്കൂറിനുള്ളിൽ തന്നെ ബോഡികൾ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയുകയും ചെയ്തു. കോഴിക്കോട് ബാലുശ്ശേരി ഈയാട് സ്വദേശിയായ ഇസ്മയിൽ കഴിത്ത പന്ത്രണ്ട് വർഷക്കാലമായി ദുബായ് RTA ബസ്സ് ഡ്രൈവറായി ജോലി ചെയ്തുവരുന്നു. ഇതിനിടയിൽ നാലു വർഷത്തോളം RTA യുടെ പബ്ലിക് ബസ്സ് മോണിറ്ററിംഗ് സെക്ഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തെ നടുക്കിയ കൊറോണ മഹാമാരി കാരണം ഈ വർഷത്തെ അവധി ആഘോഷം കുടുംബത്തോടൊപ്പം യു.എ.ഇ യിൽ ആക്കാൻ തീരുമാനിച്ച ഇസ്മയിൽ തൻ്റെ ഭാര്യയേയും മൂന്ന് മക്കളേയും കഴിഞ്ഞ ആഴ്ച്ചയാണ് വിസിറ്റ് വിസയിൽ അജ്മാനിൽ എത്തിച്ചത്. മരണപ്പെട്ട ഇസ്മയിലിൻ്റേയും, മകളുടേയും മൃതശരീരം തുടർനടപടികൾക്കായി ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ സംബന്ധമായ ടെസ്റ്റുകളും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാകുന്നതു പ്രകാരം ഞായറാഴ്ച മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകും.ഇസ്മയിലിൻ്റെയും മകളുടേയും നിര്യാണത്തിൽ അഗാധമായ ദു:ഖവും പേറി ഭാര്യ സഫീറ ഇസ്മയിലും, മക്കളായ അമാന ഇസ്മയിലും (14), ആലിയ ഇസ്മയിലും (11) അനുജനായ RTA യിൽ സീനിയർ സ്റ്റേഷൻ കൺട്രോളറായി ജോലി ചെയ്യുന്ന മുബാറക് കാസിമ്മിനും കുടുംബത്തോടുമൊപ്പം അജ്മാനിലെ അവരുടെ വസതിയിൽ കഴിയുന്നു.