കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മും കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷവും ഒൻപത് വീതം സീറ്റുകളിൽ മത്സരിക്കും.ആകെ 22 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. മറ്റ് നാല് സീറ്റുകൾ സിപിഐക്കാണ്. മുന്നണിയിലെ മറ്റ് ഘടകകക്ഷികളിൽ നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്ന എൻസിപിക്കും ജനതാദളിനും സീറ്റ് ലഭിച്ചില്ല.ജില്ലാ പഞ്ചായത്തിൽ നാല് സീറ്റ് വേണമെന്ന നിലപാടിൽ സിപിഐ ഉറച്ചുനിന്നു. ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ സിപിഐയുടെ ആവശ്യം സിപിഎം അംഗീകരിച്ചു.ആകെ 22 സീറ്റുള്ള കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണയോടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാൽ വർഷങ്ങളായി എൽ ഡി എഫിൽ പ്രവർത്തിക്കുന്ന എൻ സി പി ക്കും ജനതാദളിനും സീറ്റില്ലാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ഘടകക്ഷികളുടെ അണികളിൽ ചർച്ച ഉയർന്നു വരുന്നുണ്ട്. എൻ സി പി ക്ക് കൂടുതൽ പ്രവർത്തകരും, നേതാക്കളും,എം എൽ എ യും ഉള്ള ജില്ലയിൽ പരിഗണന ലഭിക്കാത്തത് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ എൻ സി പി യിൽ ഉയരാൻ സാധ്യത തുറക്കുന്നതായിട്ടാണ് രാഷ്ട്രീയ നിരീക്ഷർ കരുതുന്നത്