സഹകരണ മേഖലയുടെ ചലനാത്മകത-എം.വി. സുരേഷ്

  • 15
  •  
  •  
  •  
  •  
  •  
  •  
    15
    Shares

തൃശ്ശൂർ : ലോകോത്തരമായ ആശയങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിലേക്ക് ഓടിവരുന്ന മഹത്തായ ആശയങ്ങളിൽ ഒന്നുതന്നെയാണ് സഹകരണ മേഖലയും സഹകരണ തത്വങ്ങളും. അതുകൊണ്ടുതന്നെ സഹകരണരംഗം കാലോചിതമായി പരിഷ്കരിക്കപ്പെടെണ്ടതുണ്ട്. എന്നിരുന്നാൽ മാത്രമേ ഈ മഹത്തായ ഈ ആശയം കാലാതീതമായി നിലനിൽക്കുകയുള്ളൂ.
സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന സ്ഥാനപ്പേരിന് അർഹനായ ശ്രീ റോബർട്ട് ഓവൻറെ നേതൃത്വത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തന്നെ ഇംഗ്ലണ്ടിൽ സഹകരണ പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്ക് തുടക്കമിട്ടിരുന്നു എങ്കിലും, ഇപ്പോഴും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിലും, ഈ മേഖലയിൽ ഇന്ത്യപോലുള്ള ഒരു രാജ്യത്ത് സഹകരണ മേഖലയിൽ പരിഷ്കാരങ്ങളും പരിവർത്തനങ്ങളും നടക്കുന്നുവെന്നത് ശുഭസൂചകമാണ് എന്നുമാത്രമല്ല സഹകരണ ആശയങ്ങൾ അടിസ്ഥാനപരമായി കാലത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നവ തന്നെയാണ് എന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്. ( 2011-ലെ 97-ാം ഭരണഘടനാ ഭേദഗതിയും, 2020 ലേ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് ഭേദഗതിയും, ഇന്ത്യയിലെ പരമോന്നത നീതിപീഠങ്ങൾ ആയ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും മാസങ്ങളുടെ മാത്രം ഇടവേളകളിൽ പുറപ്പെടുവിക്കുന്ന സഹകരണ മേഖലയെ ബാധിക്കുന്ന നിർണായകമായ വിധിന്യായങ്ങളും വിമർശനാത്മകമായി നോക്കി കാണുകയാണെങ്കിൽ പോലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സഹകരണ രംഗത്തെ ചലനാത്മകത യാണ് കാണിക്കുന്നത്).
മാത്രവുമല്ല ഭൂരിപക്ഷം പേരും വരുമാനത്തിനായി കൃഷിയെ ആശ്രയിക്കുന്ന നമ്മുടെ രാജ്യത്തെ കൃഷി ആവശ്യങ്ങൾക്കായുള്ള വായ്പകളുടെ 60 ശതമാനവും ഇന്നും നൽകിവരുന്നത് സഹകരണ പ്രസ്ഥാനങ്ങൾ ആണ് എന്നുള്ളത് കാണാതെ പോകാൻ നമുക്ക് ആവില്ലല്ലോ. പ്രത്യേകിച്ചും ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും ന്യൂജനറേഷൻ സ്വകാര്യ ബാങ്കുകളും വായ്പാ രംഗത്ത് സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്തും.

സഹകരണവും നെഹ്റുവും

ഇന്ത്യയുടെ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ നമുക്ക് മറക്കാനാവാത്ത, നന്ദിയോടെ മാത്രം സ്മരിക്കപ്പെടേണ്ട ഒരു പേരാണ് പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെത് . സഹകരണ പ്രസ്ഥാനത്തിൻറെ പ്രവാചകൻ ആയിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. അടിസ്ഥാന സഹകരണ തത്വങ്ങൾ ആയ തുറന്നതും- സ്വമേധയാ ഉള്ളതുമായ അംഗത്വം, ജനാധിപത്യ രീതിയിലുള്ള നിയന്ത്രണാധികാരം, അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്വം, സ്വയംഭരണാവകാശവും – സ്വാതന്ത്ര്യവും, വിദ്യാഭ്യാസം, പരിശീലനം, വിവരാവകാശം, മിതവ്യയം, പരസ്പര സഹായം എന്നിവയിൽ അദ്ദേഹത്തിനുണ്ടായിരുന്നു അചഞ്ചലമായ വിശ്വാസം ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിലും, അക്കാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാസ്സാക്കിയിരുന്ന പ്രമേയങ്ങളിലും സഹകരണ രംഗം വളരേണ്ടതിന്റെ പ്രാധാന്യത്തിൽ അദ്ദേഹം എത്രമാത്രം ഉത്കണ്ഠാകുലനാ യിരുന്നു എന്നത് കാണാവുന്നതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനത്തോടെ തന്നെ ബ്രിട്ടീഷ് ഭരണാധികാരികൾ സഹകരണ രംഗത്ത് നിയമങ്ങൾ കൊണ്ടു വരാൻ തുടങ്ങിയിരുന്നുവെങ്കിലും 1904 ൽ പാസാക്കിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട 1904 എന്ന നിയമമായിരുന്നു ഈ രംഗത്തെ ആദ്യത്തെ സമഗ്രമായ നിയമം. സഹകരണ പ്രസ്ഥാനങ്ങൾക്ക് കൃത്യമായ ഘടന നിർവചിക്കുക എന്നുള്ളതായിരുന്നു ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ചൂണ്ടിക്കാണിക്കപ്പെട്ട ചില ന്യൂനതകൾ പരിഹരിച്ച് കൊണ്ടും, ചില മാറ്റങ്ങൾ വരുത്തി കൊണ്ടും, 1912 ൽ വീണ്ടും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1912 എന്ന നിയമം കൊണ്ടുവന്നു. അതിനുശേഷമാണ് സഹകരണ രംഗത്തെ കുറിച്ച് പഠിക്കുവാനും റിപ്പോർട്ടുകൾ നൽകുവാനും വിവിധ കമ്മിറ്റികളെ വെക്കുന്നത്. ലഗാൻ കമ്മിറ്റി റിപ്പോർട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാർ എഡ്വേർഡ് ല ഗാൻ എന്ന ആളുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് 1915 ലും, മൊണ്ടേഗു ചെംസ്‌ ഫോർഡിന്റെ നേതൃത്വത്തിൽ വന്ന റിഫോംസിന്റെ ( ദി റിഫോംസ് ആക്ട് ഓഫ് 1919) ഭാഗമായി 1919ൽ ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങൾക്ക് സ്വന്തമായി സഹകരണ രംഗത്തു നിയമങ്ങൾ കൊണ്ടുവരാനുള്ള അവകാശങ്ങൾ നൽകിയതും (1950 ൽ ഇന്ത്യയ്ക്ക് സ്വന്തമായ ഒരു ഭരണഘടന രൂപീകൃതമായപ്പോൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ സംസ്ഥാന ലിസ്റ്റിൽ മുപ്പത്തിരണ്ടാമത് ആയി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടുത്തി നിയമം നിർമിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് ലഭിക്കുകയുണ്ടായ ല്ലോ), 1925 ൽ ആദ്യമായി ബോംബെ പ്രൊവിൻസിൽ നിയമം കൊണ്ടുവന്നതും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നപ്പോൾ തന്നെ അഗ്രികൾച്ചറൽ ക്രെഡിറ്റ് ഡിപ്പാർട്മെന്റ് തുടങ്ങിയതും എല്ലാം ഇന്ത്യയിലെ സഹകരണ രംഗത്തെ വളർച്ചയ്ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്.
1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച് ഭാവിയിലേക്കുള്ള ആസൂത്രണങ്ങൾ നടത്താൻ ഒരുങ്ങുമ്പോഴാണ് 1930കളിൽ തുടങ്ങി 1945 വരെ നീണ്ടുനിന്ന ലോകത്തെതന്നെ ബാധിച്ച മഹാസാമ്പത്തിക മാന്ദ്യവും, രണ്ടാം ലോകമഹായുദ്ധവും ഇന്ത്യയിലെ മറ്റെല്ലാ രംഗത്തെയും തകർത്ത പോലെ തന്നെ സഹകരണ പ്രസ്ഥാനങ്ങളെയും തകർത്തെറിഞ്ഞ ഇരിക്കുന്നു എന്ന തിരിച്ചറിവ് ശ്രീ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഭരണാധികാരികൾക്ക് ഉണ്ടായത്.

ഓൾ ഇന്ത്യ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി

1951 തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യൻ ഗ്രാമങ്ങളിലെ കർഷകരുടെ വായ്പാ ആവശ്യങ്ങളെക്കുറിച്ച് പഠിക്കുവാനും സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കുവാനും ഉള്ള നടപടികൾ ആരംഭിക്കുകയും ആൾ ഇന്ത്യ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ആ കമ്മിറ്റിയുടെ റിപ്പോർട്ട് പിൽ കാലത്തു ഇന്ത്യയുടെ ഗ്രാമീണ വായ്പ ആവശ്യങ്ങളുടെ ഒരു മാർഗ്ഗരേഖ ആവുകയും ചെയ്തു. സമീന്ദാർമാരുടെയും, തത്വദീക്ഷയില്ലാത്ത തോതിൽ പലിശ ഈടാക്കി ഗ്രാമീണ കർഷകരെ ഞെരിച്ചു കൊന്നു കൊണ്ടിരുന്ന മണി ലെൻഡേർസഇന്റെ കരാളഹസ്തങ്ങളിൽ നിന്നും അവരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു ആ റിപ്പോർട്ട്.
അങ്ങനെയാണ് സഹകരണ രംഗത്തെ സ്വാഭാവികവും, സാധാരണം ആയതുമായ വളർച്ചക്ക് ഉപരിയായി ഈ ആശയത്തിലൂന്നി നിന്നു കൊണ്ട് ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളുടെയും സമഗ്രമായ വളർചക്കുള്ള ഒരു സഹകരണ നയം വേണം എന്നുള്ള ചിന്ത അദ്ദേഹം പങ്കുവെക്കുന്നതും, 1958 ഇൽ നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ അത് പാസാക്കുന്നതും, തുടർന്ന് നടപ്പാക്കപ്പെട്ട പഞ്ചവത്സര പദ്ധതികളിൽ സഹകരണമേഖലയ്ക്ക് വളരെയധികം പ്രാധാന്യം നൽകപ്പെട്ടതും. 1963 ൽ രൂപീകരിക്കപ്പെട്ട നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ രൂപീകരണവും സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

ഗ്രീൻ റെവല്യൂഷനും, വൈറ്റ് റവല്യൂഷനും

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഇന്ത്യൻ ഗ്രാമങ്ങളിൽ ആണെന്നും ഇന്ത്യയുടെ പുരോഗതി എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ പുരോഗതി ആണെന്നും ഉള്ള മഹാത്മാഗാന്ധിയുടെ ഉറച്ച വിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാർ ആയിരുന്ന ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയും, ശ്രീമതി ഇന്ദിരാഗാന്ധിയും നടപ്പാക്കി വിജയിപ്പിച്ച രണ്ട് പദ്ധതികളായിരുന്നു ഗ്രീൻ റെവല്യൂഷനും വൈറ്റ് റവല്യൂഷനും. ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി വളർത്തിയ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡും, അതിന്റെ ചെയർമാനായിരുന്ന ശ്രീ വർഗീസ് കുര്യനും, അമൂല് എന്ന് വാണിജ്യ മുദ്രയും ഇന്ത്യയിൽ ഉദയം ചെയ്തത് സഹകരണം എന്ന് മഹത്തായ ആശയത്തിൽ നിന്ന് തന്നെയാണ്.

നബാർഡ്

1981-ലെ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട നബാർഡ്, റിസർവ് ബാങ്കിന്റെ അഗ്രികൾച്ചറൽ ക്രെഡിറ്റ് ഡിപ്പാർട്ട്മെന്റ്, റൂറൽ പ്ലാനിങ് ആൻഡ് ക്രെഡിറ്റ് സെല്ലിന്നും പകരം രൂപീകരിക്കപ്പെട്ടതാണെങ്കിലും, മാറിയ സാഹചര്യത്തിൽ ഇന്ത്യയിലെ ഗ്രാമീണ പുരോഗതിക്ക്, പ്രത്യേകിച്ചും സഹകരണ മേഖലയുടെ വളർച്ചയ്ക്ക് കാര്യമായ സേവനങ്ങളാണ് ചെയ്തിട്ടുള്ളത്.

മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്

1984 ലും, 2002ലും പാസാക്കിയ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്, ഇന്ത്യയിൽ ഒന്നിലധികം സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ആയിരത്തോളം സ്ഥാപനങ്ങൾ ഇന്ത്യയിലാകെ ഈ നിയമത്തിൽ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

വൈദ്യനാഥൻ കമ്മിറ്റി

ഇന്ത്യ വളരുന്നതിനനുസരിച്ച് സഹകരണ രംഗവും വളർന്നുകൊണ്ടിരിക്കുന്നു അതിനനുസരിച്ച് സഹകരണ രംഗത്ത് നിക്ഷേപവും വളർന്നുതുടങ്ങി. വൻകിട സ്ഥാപനങ്ങൾ സഹകരണമേഖലയിൽ സ്ഥാപിതമായി തുടങ്ങുകയും ചെയ്തു. ഇൻഫോർമേഷൻ ടെക്നോളജിയുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും വളർച്ച സഹകരണ മേഖലയിലേക് എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ സഹകരണമേഖലയിൽ ഉണർവേകി. സുതാര്യതയുടെയും അക്കൗണ്ടബിലിറ്റി യുടെയും കാലഘട്ടത്തിൽ സഹകരണമേഖലയ്ക്ക് മാത്രം ഒറ്റപ്പെട്ടു നിൽക്കാൻ ആവില്ലല്ലോ. അങ്ങനെയാണ് 2004 ൽ പ്രൊഫസർ എ. വൈദ്യനാഥൻറെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് ഓൺ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് രൂപീകരിച് സഹകരണമേഖലയെ ഉടച്ചുവാർക്കാൻ തീരുമാനിച്ചത്. സഹകരണ നിയമത്തിലും സഹകരണ പ്രസ്ഥാനങ്ങളുടെ ഘടനയിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുക, സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വഭാവവും സ്വയം ഭരണരീതിയും നിലനിർത്തുന്നതിനും ജനങ്ങളുടെ മാറിയ വായ്പ ആവശ്യങ്ങൾക്ക നുസൃത മായുള്ള വായ്പാനയം രൂപീകരിക്കുക, കിട്ടാക്കടങ്ങൾ പെരുകുന്നതു മൂലം സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ തകരുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുക, സഹകരണ മേഖലയിൽ കൂടുതൽ ജനങ്ങൾക്ക് വിശ്വാസം വരുന്ന രീതിയിൽ ഓഡിറ്റിംഗ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ കാതൽ

ആ റിപ്പോർട്ടിനോട് മുഴുവനായും നീതി പാലിക്കാൻ, അല്ലെങ്കിൽ വേണ്ടത്ര ഉൾക്കൊള്ളാൻ, പ്രത്യയശാസ്ത്ര പിടിവാശിമൂലം, ഇന്ത്യയിലെ സഹകരണമേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

97 -ാം ഭരണഘടനഭേദഗതി

2011ലെ 97-ാം ഭരണഘടന ഭേദഗതി യാണ് സഹകരണ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതിനു വേണ്ടി ഈ അടുത്ത കാലത്തായി ഉണ്ടായ നടപടികളിൽ ഒന്ന്. ഇന്ത്യ രാജ്യത്തിന്റെ വളർച്ചയുടെ പാതയിൽ ഏറ്റ മുഴുവൻ പുഴുക്കുത്തുകളും ഇന്ത്യയുടെ സഹകരണ മേഖലയ്ക്കും ഏറ്റിരുന്നു. ദീർഘനാളത്തെ കൂടിയാലോചനകൾക്കും, സമഗ്രമായ മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യവും വെച്ച് കൊണ്ടുമാണ് ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണമേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വരാൻ സാധ്യതയുള്ള ഭരണഘടന ഭേദഗതി 2011 ൽ ഡോക്ടർ മൻമോഹൻസിംഗ് ഗവൺമെന്റ് പാസാക്കിയത്.

സഹകരണത്തിൻറെ അടിസ്ഥാന തത്വങ്ങൾക്ക്‌ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് ഈ ഭരണഘടന ബേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുപറഞ്ഞാൽ സംഘങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, ജനാധിപത്യ പരമായതും ഉത്തരവാദിത്വപ്പെട്ടതുമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നത് തന്നെയാണ്. മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഈ ഭേദഗതിയിലൂടെ നടത്തുന്നത്.

1. സഹകരണസംഘങ്ങൾ രൂപീകരിക്കുവാൻ ഉള്ള അവകാശം ജനങ്ങളുടെ മൗലിക അവകാശമായി സംരക്ഷിക്കപ്പെടും ( ആർട്ടിക്കിൾ 19 ന്റെ ഭേദഗതി).
2. ഇന്ത്യൻ ഭരണഘടനയിൽ ഭാഗം 9 ൽ ആർട്ടിക്കിൾ 243 Z H മുതൽ ആർട്ടിക്കിൾ 243 Z T വരെ കൂട്ടിച്ചേർക്കപ്പെട്ടു. അതിന്റെ ഭാഗമായി സംഘങ്ങളുടെ രൂപീകരണത്തിനും, ഭരണസമിതിയുടെ ഘടനയ്ക്കും തിരഞ്ഞെടുപ്പ് രീതിക്കും എല്ലാം നിയതമായ രൂപം കൈവന്നിരിക്കുന്നു.
3. ഇന്ത്യൻ ഭരണഘടനയിൽ ഡയറക്റ്റീവ് പ്രിൻസിപ്പൾസ് ഓഫ് സ്റ്റേറ്റ് പോളിസിയിൽ ( ഭാഗം 4) ആർട്ടിക്കിൾ 43b കൂട്ടിച്ചേർക്കുകയും ഭരണകൂടങ്ങൾ സഹകരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിൽ പ്രോത്സാഹനം നൽകുക, സംഘങ്ങളുടെ സ്വയംഭരണാവകാശങ്ങൾ ഉറപ്പുവരുത്തുക സംഘങ്ങളുടെ നടത്തിപ്പിൽ പ്രൊഫഷണൽ മാനേജ്മെന്റ് കൊണ്ടുവരിക.
അതിനുശേഷം ഇന്ത്യയിലെ നീതിപീഠങ്ങളിൽ ഇതോടനുബന്ധിച്ച് നടന്ന വ്യവഹാരങ്ങളുടെ കണക്കെടുത്താൽ ജനങ്ങൾ സഹകരണ രംഗത്ത് ഉണ്ടാവുന്ന എല്ലാ മാറ്റങ്ങൾ ഓടും വളരെയധികം ക്രിയാത്മകമായ ആണ് പ്രതികരിക്കുന്നത് എന്ന് കാണുവാൻ കഴിയും

2020ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് -1949 ലെ ഭേദഗതി-

ഇന്ത്യയിലാകെ 1500ഓളം അർബൻ സഹകരണ ബാങ്കുകളും മള്ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളും ആണുള്ളത്. അവയ്ക്കുമേൽ റിസർവ് ബാങ്കിന്റെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരിക, കൂടുതൽ ഫലപ്രദമായ രീതിയിൽ പ്രൊഫഷണലിസം നടപ്പാക്കുക എന്നതെല്ലാം ആണ് 2020 ജൂൺ മാസം ഇരുപത്തിയാറാം തീയതി രാഷ്ട്രപതി ഉപ്പു വെച്ച ഈ നിയമ ഭേദഗതിയുടെ ലക്ഷ്യം. ഇതോടെ ഇന്ത്യയിലെ മറ്റ് ഷെഡ്യൂൾട് കൊമേഴ്സ്യൽ ബാങ്കുകളുടെ മേലിൽ റിസർവ് ബാങ്കിന് എന്തെല്ലാം നിയന്ത്രണങ്ങൾ ഉണ്ടോ അത്തരം എല്ലാം നിയന്ത്രണങ്ങളും അർബൻ ബാങ്കുകൾക്കു മേലും മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക്‌ മേലും അടിച്ചേൽപ്പിക്കാൻ കഴിയുന്നതാണ്.

സഹകരണ കേരളം-

കേരളത്തിലെ സഹകരണ സംഘങ്ങളുടെ ചരിത്രം തിരുവിതാംകൂർ രാജാക്കന്മാരുടെ കാലം മുതൽ (1914) ആരംഭിച്ചിട്ടുള്ള താണ്. സഹകരണസംഘങ്ങൾക്ക് കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ വേരോട്ടമുള്ളതും, കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിവുള്ളവയുമാണ്. ചില അത്യാവശ്യ സന്ദർഭങ്ങളിൽ കേരളസർക്കാർ തന്നെ സാമ്പത്തിക ആവശ്യങ്ങൾക്കായി സഹകരണമേഖലയെ ആശ്രയിക്കാറുണ്ട് എന്നുള്ളത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് തിരുവിതാംകൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്, കൊച്ചിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ് ആക്ട മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെപ്റ്റ എന്നീ മൂന്നു നിയമങ്ങളാണ് കേരളവുമായി ബന്ധപ്പെട്ട മൂന്ന് നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്നത്. തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള സംയോജനം നടന്നപ്പോൾ തിരുവിതാംകൂർ-കൊച്ചിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ് ആക്ട 1951 ആണ് സഹകരണ മേഖലയെ നിയന്ത്രിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1969 പാസാക്കിയ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 99 എന്ന നിയമമാണ് ഇപ്പോഴും നിലവിലുള്ളത്. കാലോചിതമായ പരിഷ്കരണത്തിന് ഭാഗമായി 1999 കേരള കോ-ഓപ്പറേറ്റീവ് (അമ്മേൻഡ്മെന്റ് ) ആക്ട് 1999 പ്രാബല്യത്തിൽ വരുകയുണ്ടായി. 2017 പാസാക്കിയ ജില്ലാ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഭേദഗതിയാണ് കേരളത്തിലെ സഹകരണ നിയമത്തിൽ നടന്ന അവസാനത്തെ ഭേദഗതി.

ദേശീയ തലത്തിൽ ഹിന്ദി പ്രചാരണവും ഹാദി വ്യവസായവും ദേശീയോദ്ഗ്രധന ത്തിന്റെ ഭാഗമായി ഏറ്റെടുത്തിരുന്നു അതിനോടൊപ്പം തന്നെ സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണവും സഹകരണ തത്വങ്ങള് പ്രചാരണവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്തിരുന്നുവല്ലോ. അതിന്റെ ചുവടുപിടിച്ച് കേരളത്തിലും അത്തരം പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുത്തിരുന്നു.

മേലത്ത്‌ നാരായണൻ നമ്പ്യാരെ പോലെയുള്ള സ്വാതന്ത്ര്യസമരസേനാനികൾ വടക്കൻ കേരളം കേന്ദ്രീകരിച്ച് സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി സജീവമായി പ്രവർത്തിച്ചിട്ടുള്ള വരാണ്. 1982 ഇൽ നബാർഡ് രൂപീകൃതമായപ്പോൾ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക അനൗദ്യോഗിക അംഗമായി ശ്രീമതി ഇന്ദിരാഗാന്ധി അദ്ദേഹത്തെ നിയമിച്ചത് സഹകരണമേഖലയ്ക്ക് കൂടി അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ആയിരുന്നു.

കേരള സംസ്ഥാന സഹകരണ ബാങ്കിനെയും, 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ചു കൊണ്ട് കേരള ബാങ്ക് രൂപീകരിച്ചതാണ് കേരളത്തിൽ സഹകരണ മേഖലയിൽ അടുത്തകാലത്തുണ്ടായ പ്രധാന സംഭവവികാസം. കേരളത്തിലെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും രൂക്ഷമായ എതിർപ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്കിന്റെ നിലനില്പിനെ കുറിച്ചുള്ള ഒരു അവസാനം വിശകലനത്തിന് തുനിയുന്നതിന് സമയമായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.

തൊഴിൽദാതാവ്

ചുരുങ്ങിയത് കേരളത്തെ സംബന്ധിച്ച് ആണെങ്കിലും ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നുതന്നെയാണ് സഹകരണമേഖല. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രവർത്തകരെ നിയമിക്കാനുള്ള ഒരു മേഖലയായി സഹകരണ രംഗം മാറിയിരുന്നു. അതോടനുബന്ധിച്ചുള്ള സുതാര്യത കുറവിനെ കുറിച്ചുള്ള പരാതികൾ ധാരാളമായി വന്നപ്പോൾ 1995 ൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ എ.കെ. ആന്റണി സർക്കാർ അപെക്സ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷനു വിടുകയും പ്രാഥമിക സംഘങ്ങളിലെ നിയമനങ്ങൾ ഒരു പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡിന് കീഴിൽ കൊണ്ടുവരികയും ചെയ്തുവല്ലോ. ആ നടപടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി യുള്ള നിയമപരമായ പോരാട്ടങ്ങൾക്ക് ഇന്ത്യയിലെ വിവിധ നീതിന്യായ കോടതികൾ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്.

സഹകരണ മേഖലയ്ക്കു കീഴിൽ ആയിരത്തി തൊള്ളായിരത്തി എൺപതിൽ രൂപീകൃതമായ മിൽമ എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ മൂവായിരത്തിലധികം പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിലൂടെ പത്തുലക്ഷത്തോളം ക്ഷീരകർഷകർക്കും, ആധുനികമായ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പാലും പാലുൽപ്പന്നങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് പ്രത്യക്ഷമായും, അതിലും എത്രയോ അധികം ലക്ഷം ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഒരു മേഖലയായി മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ.

മുകളിൽ വിവരിച്ച, സഹകരണമേഖലയിൽ കാലോചിതമായ ചലനങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന നടപടി ക്രമങ്ങൾ എല്ലാംതന്നെ ഇന്ത്യയിലെ നീതിപീഠങ്ങൾ ഉടെ സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമായിട്ടുണ്ട്. ഇത്തരം പരിശോധനകൾ, നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങൾക്ക് കാലതാമസം വരുത്തുമെങ്കിലും ശക്തമായ ജനാധിപത്യബോധവും അതിലും ശക്തമായ നീതിന്യായ സംവിധാനങ്ങളും ഉള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒഴിവാക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല.

ഉദാഹരണത്തിന് 2011ലെ 97-ാം ഭരണഘടനാഭേദഗതി ക്ക് ശേഷം സഹകരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ സംരക്ഷണം ഉണ്ടായിട്ടുപോലും 2005ലെ റൈറ്റ് ടു ഇൻഫർമേഷൻ ആക്ടിന് വിധേയം ആണോ അല്ലയോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ എത്രയോ കാലത്തെ നിയമപോരാട്ടം ആണ് നടത്തേണ്ടി വന്നത്.

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്ക് (പി എം സി ബാങ്ക് ), പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്ക്, കാൺപൂർ, ഉത്തർപ്രദേശ് , മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എന്നീ പ്രമുഖ സഹകരണബാങ്കുകളിൽ ഈ അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങളും അതുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ നേതാക്കന്മാരുടെ കൂറുമാറ്റവും അതോടനുബന്ധിച്ച് നടന്ന സംഭവവികാസങ്ങളും ആശാവഹമായ വയല്ല.

മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ഒക്കെ വിഭാവനം ചെയ്ത സഹകരണമേഖല കാലോചിതമായി പരിഷ്കരിക്കപെടേണ്ടതാണെങ്കിലും അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള മാറ്റം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണകരം ആകാൻ സാധ്യതയില്ല. ഇന്ത്യയുടെ ബഹുസ്വരത എന്ന് സവിശേഷതയുമായി ഏറ്റവുമടുത്തു ഇണങ്ങി നിൽക്കുന്ന ഒരു പ്രത്യയശാസ്ത്രം ആണല്ലോ സഹകരണം

മൺ മറഞ്ഞു പോയ അത്തരം നേതാക്കന്മാരുടെ ഓർമ്മകൾ പോലും അലോസരമായി കരുതുന്ന, ഭരണഘടന സ്ഥാപനങ്ങളുടെ നെഞ്ചത്ത് പോലും യാതൊരു തത്വദീക്ഷയുമില്ലാതെ കുതിര കയറി കൊണ്ടിരിക്കുന്ന ഭരണാധികാരികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നടപടികൾ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വരാൻ പോകുന്ന കാലത്ത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

(ലേഖകൻ കമ്പനി സെക്രട്ടറിയും, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് തൃശ്ശൂർ ചാപ്റ്റർ മുൻ ജില്ലാ സെക്രട്ടറിയുമാണ്)

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ