തിരുവനന്തപുരം: സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം എൻപിഎസ് പി) നടപ്പിലാക്കുന്നു. പ്രവാസികളുടെ പ്രൊഫഷണൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനും, സമാനമായ ഒന്നിലധികം സ്ഥാപനങ്ങളെ ഓര്മ്മിപ്പിക്കുന്ന സാങ്കേതികവിദ്യ, ബിസിനസ്, നിക്ഷേപസാധ്യത തിരിച്ചറിയൽ എന്നിവയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്ടിക്കുന്നതിന് സമാന മനസ്കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്റ്റർനെറ്റ്‌വർക്കും രൂപീകരിക്കും. ടെക്നോളജി സ്റ്റാർട്ടപ്പുകളുമായി മാർഗനിർദേശത്തിനും കൺസൾട്ടിംഗിനുമുള്ള അവസരങ്ങൾ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്റ്റാർട്ടപ്പ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽകും.
പ്രവാസി സംരഭങ്ങൾ ആരംഭിച്ചു സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് സംഭവനയേകാൻ പര്യാപ്തമായ പരിപാടിയിലൂടെ മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും സംരഭകരുമായും സംവദിക്കും. അനുയോജ്യരായ പ്രവാസികളെ സ്ക്രീനിംഗ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്തു മൂന്നു മാസത്തെ പ്രോഗ്രാമിന്റെ ഭാഗമാക്കും. ശ്രദ്ധയൂന്നേണ്ട ബിസിനസ് മേഖല തിരിച്ചറിയുന്നതിനും ബിസിനസ് നിക്ഷേപങ്ങൾക്ക് എങ്ങനെ മൂല്യം വര്ധിപ്പിക്കാമെന്നും ഈ പ്രോഗ്രാമിലൂടെ പ്രവാസികൾക്ക് മനസ്സിലാക്കാനാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എമിഗ്രന്റ്സിന്റെ (എൻ ഡി പി ആർ ഇ എം ) സാമ്പത്തിക സഹായത്തിനു അർഹതയുണ്ടായിരിക്കും .ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15% മൂലധന സബ്സിഡിയോടെ (പരമാവധി 3 ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായ പലിശ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം 3% പലിശ ഇളവും ലഭിക്കും.
കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ, താമസിക്കുകയോ ചെയ്തിട്ടുള്ള കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാമിലേക്കു അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും http://norkapsp.startupmission.in/ എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതൽ രാത്രി 8 വരെ) (കേരള സ്റ്റാർട്ടപ്പ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.